Kerala’s Top 50 Policies and Projects-28

കാർഷിക രംഗത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി സ്വയം പര്യാപ്ത കൈവരിക്കാനും കാർഷികസംസ്‌കാരം വീണ്ടെടുക്കാനും സർക്കാർ സ്വീകരിച്ച നയങ്ങളെക്കുറിച്ച് മുൻകുറിപ്പുകളിൽ ( ജനുവരി 10, 17 ) വിശദീകരിച്ചിരുന്നല്ലോ. ഈ കുറിപ്പുകളിൽ പറഞ്ഞിരുന്ന സുപ്രധാന നയങ്ങൾക്കും നടപടികൾക്കും ഉപരിയായി കാർഷിക മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടത് ഇവിടെ പരിചയപ്പെടുത്താം.


1 സംസ്ഥാനത്ത് കർഷകരുടെ ക്ഷേമ പദ്ധതികൾ ഏകോപിപ്പിക്കാനായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു.


2 കേരത്തിന്റെ നാടായ കേരളത്തിൽ നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത പത്ത് വർഷക്കാലം ഓരോ വാർഡിലും 75 തെങ്ങിൻതൈകൾ വീതമങ്കെിലും വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2019-20 ൽ കോക്കനട്ട് കൗൺസിൽ രൂപീകരിച്ചു.


3 ജൈവകൃഷി വ്യാപനം ലക്ഷ്യമിട്ട് വിഷരഹിത പച്ചക്കറികളും ഫലവർഗ്ഗങ്ങളും എല്ലാവരിലേക്കും എത്തിക്കാൻ സേഫ് ടു ഈറ്റ് ഫുഡ് എന്ന കാഴ്ചപ്പാടോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. കൂടാതെ പരിസ്ഥിതിക്ക് ദോഷകരമായ 11 കീടനാശിനികളും മൂന്ന് കുമിൾനാശിനികളും മൂന്ന് കളനാശിനികളുമാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കേരളത്തിൽ നിരോധിച്ചത്.


4 സംസ്ഥാനത്ത് വിള ഇൻഷുറൻസിലൂടെ ലഭിക്കുന്ന ധനസഹായങ്ങൾ ഏകദേശം ഇരട്ടിയോളം വർദ്ധിപ്പിച്ചു.


5 ആദിവാസി മേഖലയിൽ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പിലാക്കി വരുന്നു.


6 കാർഷിക മേഖലയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി വകുപ്പിൽ ഇ- ഗവേണൻസിന് തുടക്കമിട്ട് കർഷർക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസാക്ഷനിലൂടെ ധനസഹായങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കി.


7 കാർഷികരംഗത്ത് ഉപയോഗിക്കുന്ന വളങ്ങളുടെ നിലവാരം ഉറപ്പാക്കാനായി ബയോ ഫെർട്ടിലൈസർ ആന്റ് ഓർഗാനിക് മാന്വർ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി പാലക്കാട് പട്ടാമ്പിയിൽ സ്ഥാപിച്ചു. കൂടാതെ വയനാട് ജില്ലയിൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വെജിറ്റബൾസ് ആന്റ് ഫ്‌ളവേഴ്‌സ് സ്ഥാപിക്കാനും നടപടി സ്വീകരിച്ചു.


കഴിഞ്ഞ അഞ്ച് വർഷം കാർഷിക മേഖലയിൽ സർക്കാർ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ വൈവിധ്യവും വിപുലവുമായ പദ്ധതികളിലൂടെ കേരളത്തിലെ ഭക്ഷ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങളാണുണ്ടായത്. ഭക്ഷ്യ സമൃദ്ധിയുടെയും കർഷകക്ഷേമത്തിന്റെയും കാലഘട്ടമായിരുന്നു ഇതെന്ന് കാർഷിക രംഗത്തെ പുരോഗതി പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കും. അതിലുപരിയായി ദീർഘകാലത്തേക്കുള്ള മുൻ കരുതലുകളിലൂടെ ആവിഷ്‌കരിച്ച പദ്ധതികൾ ഭാവിയിൽ കേരളത്തിന്റെ കാർഷിക മേഖലയിൽ സുസ്ഥിര വികസനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

#keralastop50policiesandprojects
#KeralaLeads