പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അതിലൂന്നി പ്രവര്‍ത്തിച്ചാല്‍ എല്ലാ രോഗങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലേറിയ നിവാരണ യജ്ഞം ജില്ലാതല ഔദ്യോഗിക പ്രഖ്യാപനവും ശില്പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബിനുമോള്‍ അധ്യക്ഷയായി.
സുസ്ഥിര വികസനത്തിന്റെ ഭാഗമായി 2018 ഓടെ ജില്ലയില്‍ പൂര്‍ണമായും മലേറിയ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിവാരണയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 25ന് നടന്നു. സംസ്ഥാനത്ത് 2020 നകം മലേറിയ നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് ലക്ഷ്യം.
2014 നു ശേഷം ജില്ലയില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തി ബോധവല്‍ക്കരണം, മുന്‍കരുതലുകള്‍ എന്നിവ നല്‍കുകയും തുടര്‍ച്ചയായി അവരെ നിരീക്ഷിക്കുകയും ചെയ്യും. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് (ആര്‍.ഡി.റ്റി) കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തി രോഗനിര്‍ണയവും ചികിത്സയും നടത്തും. ചികിത്സ നല്‍കുന്നതിനോടൊപ്പം അവര്‍ക്കു ചുറ്റുമുള്ള 50 വീടുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ പാലക്കാട് നഗരസഭ, കടമ്പഴിപ്പുറം, കുഴല്‍മന്ദം എന്നീ പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തും. ഈ പ്രദേശങ്ങളില്‍ നിന്നും നേരത്തെ മലേറിയ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന സൂക്ഷ്മാണു കൊതുകിലൂടെയാണ് മനുഷ്യനിലെത്തുന്നത്. അതിനാല്‍ കൊതുകിനെ നശിപ്പിക്കുക എന്നതാണ് മലേറിയ തടയാനുള്ള ഏക മാര്‍ഗം. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശുചീകരണ പ്രവൃത്തികള്‍, ബോധവത്ക്കരണം എന്നിവ നടത്തും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ സര്‍വെലന്‍സ് ഓഫീസര്‍, ജില്ലാ മലേറിയ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല സ്‌പെഷല്‍ ഗ്രൂപ്പും ബ്ലോക്ക് തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ബ്ലോക്ക്തല സ്‌പെഷല്‍ ഗ്രൂപ്പും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മലമ്പനി നിവാരണ യജ്ഞത്തോടനുബന്ധിച്ച് നിവാരണ യജഞം- പാലക്കാട് ജില്ലയിലെ വെല്ലുവിളികളും സാധ്യതകളും വിഷയത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എ.നാസര്‍, കൊതുകു നിയന്ത്രണ മാര്‍ഗങ്ങള്‍ വിഷയത്തില്‍ ജില്ലാ മലേറിയ ഓഫീസര്‍ കെ.എസ്.രാഘവന്‍ എന്നിവര്‍ ക്ലാസെടുത്തു.ഡി.എം.ഒ.ഡോ.കെ.ആര്‍.ശെല്‍വരാജ്, നഗരസഭ ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാമനാഥന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.കെ.ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.കെ.അനൂപ്, ഡിസ്ട്രിക്ട് എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ പി.എ.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.