പാലക്കാട് ജില്ലയിലെ കുടിവെളളക്ഷാമം സമ്പൂര്‍ണമായി പരിഹരിക്കുന്നതിനായി സമഗ്ര കുടിവെളള പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി. സുരേഷ്ബാബു പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. പദ്ധതി രൂപരേഖ തയാറാക്കുന്നതിനായി വാട്ടര്‍ അതോറിറ്റി എക്‌സി.എഞ്ചിനീയര്‍ കണ്‍വീനറായി സമിതിയെ നിയോഗിച്ചു. മെയ് മാസത്തെ ജില്ലാ വികസന സമിതി യോഗത്തിന് മുമ്പ് സമിതി റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കും.
ജില്ലയിലെ കിഴക്കന്‍ മേഖലകളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, മുതലമട എന്നിവിടങ്ങളില്‍ രൂക്ഷമായ കുടിവെളളക്ഷാമമാണുളളത്. നിലവിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ വെളളമാണ് ടാങ്കര്‍ വഴി വിതരണം ചെയ്യുന്നത്. ഇതിന് പരിഹാരമായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ കുടിവെളളം വിതരണം ചെയ്യുന്ന ബൃഹത് പദ്ധതികളുടെ രൂപരേഖയാണ് സര്‍ക്കാരിന് നല്‍കുക. അട്ടപ്പാടിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ 25 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലമ്പുഴയിലെ ആദിവാസി മേഖലകളിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി കിഫ്ബി വഴി 75 കോടിയുടെ പദ്ധതിയും നടപ്പിലാക്കും. ജലദൗര്‍ലഭ്യത നേരിടുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുമോയെന്ന് സമിതി പരിശോധിക്കും.
ജില്ലയില്‍ ഉഷ്ണ തരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണാടിയിലെ വേനല്‍ ചുഴലിയിലുണ്ടായ നാശനഷ്ട കണക്ക് സര്‍ക്കാരിന് കൈമാറിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു. എ.ഡി.എം. ടി.വിജയന്‍, ജില്ലയിലെ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
