2018 ലെ വൈദ്യുതി സുരക്ഷാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു നിര്‍വഹിച്ചു. വൈദ്യുതി അപകടങ്ങളെ ഏറെ പ്രാധാന്യത്തോടെ കാണണമെന്നും ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ വ്യാപകമായി സംഘടിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രറേറ്റ് ഇന്‍സ്‌പെക്ടററ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി, എനര്‍ജി മാനെജ്‌മെന്റ് സെന്റര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ്, കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മെയ് ഒന്ന് മുതല്‍ ഏഴ് വരെയാണ് വൈദ്യുതി സുരക്ഷാ വാരാചരണം നടത്തുന്നത്.
ജില്ലാ ഇലക്ട്രിക്കള്‍ ഇന്‍സ്‌പെക്ടര്‍ വി. എച്ച്. മുഹമ്മദ് അധ്യക്ഷനായി. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ.കെ. രവീന്ദ്രന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ജില്ലാ മേധാവി എന്‍. ജെ. മുനീര്‍, ഡെപ്യൂട്ടി ഇലക്ട്കിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ സി. മണികണ്ഠന്‍, എ. ഉല്ലാസ്, കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു, അനെര്‍ട്ട്, എനര്‍ജി മാനെജ്‌മെന്റ് സെന്റര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ‘ഗാര്‍ഹിക വൈദ്യുതി സുരക്ഷ’ എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ഇലക്ട്രികല്‍ ഇന്‍സ്‌പെക്ടര്‍ പി. നൗഫല്‍ ക്ലാസെടുത്തു.
ഗാര്‍ഹിക വൈദ്യുതി സുരക്ഷ സംബന്ധിച്ച് ശ്രദ്ധക്കേണ്ട കാര്യങ്ങള്‍:
മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
പ്ലഗ് പോയിന്റുകളുടെ നിയന്ത്രണ സ്വിച്ചുകള്‍ നിര്‍ബന്ധമായും ഫേസില്‍ ആയിരിക്കണം
വയറിങിലും വൈദ്യുതി ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ചമൂലം അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) മെയിന്‍ സ്വിച്ചിനോട് സ്ഥാപിക്കുക.
ശരിയായ രീതിയില്‍ എര്‍ത്തിങ് ചെയ്യുക
ഐ.എസ്.ഐ മുദ്രയുള്ളതോ തത്തുല്യ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിങിന് ഉപയോഗിക്കുക
ടേബിള്‍ ഫാന്‍ ഉപയോഗിച്ച് തലമുടി ഉണക്കരുത്. സ്വിച്ച്, പ്ലഗ് മുതലായവയില്‍ വസ്ത്രങ്ങള്‍ തൂക്കരുത്.
കുട്ടികള്‍ക്ക് കൈയെത്തും വിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.
കേബിള്‍ ടിവി അഡാപ്ടറിന്റെ ഉള്‍വശത്ത് സ്പര്‍ശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പുണ്ടെന്ന് ഉറപ്പു വരുത്തുക.
വൈദ്യുത കമ്പികളില്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ള വിധത്തില്‍ തെങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് ഇരുമ്പ് താങ്ങുകമ്പി കെട്ടരുത്.
ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നടരുത്.
തീ അണയ്ക്കുന്നതിന് വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്.
വീടിന്റെ പരിസരത്ത് വളര്‍ത്തുന്ന വൃക്ഷങ്ങളുടെ ശാഖകള്‍ തൊട്ടടുത്തുകൂടി കടന്നുപോവുന്ന വൈദ്യുതി കമ്പികളുമായി ബന്ധപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണം.
ഷോക്കുമൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവൂ. വൈദ്യുതാഘാതമേറ്റുനില്‍ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷ്ണം കൊണ്ടോ വൈദ്യുതിവാഹിയല്ലാത്തതും ഈര്‍പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തില്‍നിന്നും വേര്‍പ്പെടുത്തുക.