തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ നഗരസഭയിൽ കണക്റ്റ് ടു വർക്ക് പരിശീലനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ നമ്പർ ഒന്ന്, മതിലകം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളുടെ വ്യക്തിപരമായ നൈപുണ്യങ്ങൾ വികസിപ്പിക്കുക, തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.

കൊടുങ്ങല്ലൂർ നഗരസഭ സി ഡി എസ് നമ്പർ ഒന്നിലാണ് മതിലകം ബ്ലോക്കിലെ കണക്റ്റ് ടു വർക്ക്‌ സെന്റർ ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്‌ഘാടനം കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ടീച്ചർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് കൈസാബ്, അസാപ് പ്രോഗ്രാം മാനേജർ പ്യാരിലാൽ, അസാപ് ട്രെയിനർ എം എസ് ഇന്ദു, സി ഡി എസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ, ബ്ലോക്ക് കോർഡിനേറ്റർ കെ എസ് സരിത, സി ഡി എസ് മെമ്പർ രാധാദേവി തുടങ്ങിയവർ പങ്കെടുത്തു.