പത്തനംതിട്ട: ഉദയാസ്തമന പൂജയും പടിപൂജയും കഴിഞ്ഞ് 19ന് രാത്രി ഒന്‍പതിന് ഹരിവരാസനം പാടി നടയടച്ചതോടെ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. നടയടച്ചതിന് ശേഷം മാളികപ്പുറത്ത് ഗുരുതിയും നടത്തി. ബുധനാഴ്ച്ച (ജനുവരി 20) ദര്‍ശനം പന്തളം രാജപ്രതിനിധികള്‍ക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിന് ശേഷം 6.45ന് പന്തളം രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വര്‍മ്മ, സുരേഷ് വര്‍മ്മ എന്നിവര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ഹരിവരാസനം പാടി മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടയടച്ചു. ഇതിന് മുമ്പായി തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു. കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12ന് വൈകുന്നേരം തുറക്കും. 17ന് രാത്രി നട അടക്കും.