പി.എം.ജെ.വൈ കാസ്പ്
പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന പദ്ധതിയായ കാസ്പ് വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാകും. പരിപൂര്‍ണ്ണമായ ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം ചികിത്സ രംഗത്തെ വര്‍ധിച്ചു വരുന്ന ചെലവുകളില്‍ സാധാരണക്കാര്‍ക്ക് താങ്ങാവാനും ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു.
ലഭ്യമാകുന്ന സേവനങ്ങള്‍
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാതെ പദ്ധതിയിലൂടെ ചികിത്സ ലഭിക്കും. മരുന്നുകള്‍ അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഉള്‍പ്പെടും.
നിലവില്‍ കാസ്പ് എംപാനല്‍ ചെയ്ത ആശുപത്രികളിലെ കിയോസ്‌കുകളില്‍ നിന്ന് പുതിയ സ്‌കീമില്‍ പേര് നല്‍കാം. സ്‌കീമില്‍ അംഗമായ വ്യക്തിയുടെ കാസ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ ഉപയോഗിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സ്‌കീമില്‍ ചേരാനാകും. സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.