തൃശ്ശൂർ: ഗുരുവായൂർ നഗരസഭാ പരിധിയിലെ വീടുകളിൽ നിന്നും കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത വില നൽകിയാണ് ഇവ ഏറ്റെടുക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളടങ്ങിയ ആദ്യ ലോഡ് നഗരസഭ വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ ഫ്ലാഗോഫ് ചെയ്തു. ജനുവരി 26ന് ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് ചെക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

നഗരസഭയിലെ ഹരിതകർമ്മസേന ശേഖ രിച്ച അജൈവ മാലിന്യങ്ങൾ ചൂൽപ്പുറം ബയോപാർക്കിൽ വെച്ച് ഗ്രേഡുകളായി തരം തിരിച്ച ശേഷമാണ് ബണ്ടിലുകളാക്കി കമ്പനിയെ ഏൽപ്പിച്ചത്. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ഷൈലജ സുധൻ, പി എം മനോജ്, ബിന്ദു അജിത് കുമാർ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ സി കെ രജിത് കുമാർ, ഐ ആർ ടി സി കോ-ഓർഡിനേറ്റർ മനോജ്, ഹരിത കേരളം മിഷൻ റിസോഴ്സ്പേഴ്സൺ സുരേഷ് ബാബു, എൻ യു എൽ എം സിറ്റി മിഷൻ പ്രതിനിധി വി എസ് ദീപ എന്നിവർ പങ്കെടുത്തു.