പത്തനംതിട്ട: അടൂര്‍ ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര്‍ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി. വടക്കുവശത്തെ പാലത്തിന്റെ പൈലിങ് പൂര്‍ത്തിയായി. പൈല്‍ ക്യാപ്പിന്റെ പണികള്‍ പുരോഗമിക്കുന്നു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിലും പിന്നീട് കിഫ്ബിയിലും ഉള്‍പ്പെടുത്തിയാണു പാലം നിര്‍മാണത്തിന് അനുമതി ലഭിച്ചത്. 2018 നവംബറില്‍ പണികള്‍ ആരംഭിച്ചു. അടുത്ത മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലങ്ങളുടെ നീളം 25 മീറ്ററും വീതി 7.5 മീറ്ററുമാണ്. നടപ്പാത 1.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കും. 1400 മീറ്ററില്‍ നിര്‍മിക്കുന്ന ഓടയുടെ പണികള്‍ പുരോഗമിക്കുന്നു.

നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ട്. ടൗണ്‍ സൗന്ദര്യവല്‍ക്കരണവും നെല്ലിമൂട്ടില്‍പടി മുതല്‍ കരുവാറ്റ പള്ളി വരെ ബിഎം ആന്‍ഡ് ബിസി ടാറിങ്ങും നടത്തുന്നുണ്ട്. ആകെ 11.10 കോടി രൂപയാണ് ചെലവ്.
ഇരട്ടപ്പാലം വരുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.പുതിയ പാലങ്ങളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. പാലത്തിന്റെ ഭാഗത്തെ പുറമ്പോക്ക് സ്ഥലം പാര്‍ക്കിങ്ങിനായി ഉപയോഗിക്കും. ഈ ഭാഗത്തെ ഓട്ടോ സ്റ്റാന്‍ഡ് പുനക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.