തൃശ്ശൂർ:ട്രോളുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള അവബോധം പൊതുജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ട്രോളര്‍മാരുടെ സഹായം തേടുകയാണ് ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ സഹകരണത്തോടെ സ്വീപ്പ് ബോധവത്ക്കര പരിപാടികളുടെ ഭാഗമായി സോഷ്യല്‍ മീഡിയ മുഖേന ട്രോളുകളിലൂടെ വ്യത്യസ്ഥ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സമ്മതിദായകരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക, തിരഞ്ഞെടുപ്പ് ബോധവത്ക്കരണം കാര്യക്ഷമായി പ്രചരിപ്പിക്കുക, വോട്ട് ചെയ്യുന്നതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക, ജില്ലയില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ട്രോളുകളാക്കി പ്രചരിപ്പിക്കും. ട്രോളര്‍മാരുടെ സഹായം ഉറപ്പാക്കുന്നതിനായി ജില്ലയിലെ ട്രോളര്‍മാരുടെ പ്രതിനിധികളുമായി ജില്ലാ കല്ക്ടര്‍ എസ്. ഷാനവാസ് ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ ട്രോള്‍ മത്സരം സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. മനോഹിത് പി.എം, ഡോ. അനൂപ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.