തൃശ്ശൂർ: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ പനഞ്ചകത്ത് ന്യൂട്രി സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം പോഷകത്തോട്ടങ്ങള്‍ തയ്യാറാകുന്നു. ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ആഹാരം എല്ലാവര്‍ക്കും ലഭ്യമാക്കുക, വീട്ടുവളപ്പില്‍ വിഷരഹിത പഴം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ പച്ചക്കറി തൈകള്‍ നട്ട് നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ആദ്യ ന്യൂട്രി സ്മാര്‍ട്ട് പഞ്ചായത്താകാനുള്ള ശ്രമമാണ് ഭരണസമതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബാഗങ്ങള്‍ക്ക് ഒരു സെന്റ് അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിനാവശ്യമായ പരിശീലനവും പച്ചക്കറി തൈകളും കൃഷിക്കാവശ്യമായ ഉപകരണ സാമഗ്രികളും കൃഷി വിജ്ഞാന കേന്ദ്രം മുഖേന നല്‍കി. കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജിജു.പി. അലക്‌സ,് കൃഷി വിഞ്ജാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സുമ നായര്‍, മാടക്കത്തറ കൃഷി ഓഫീസര്‍ അര്‍ച്ചന വിശ്വനാഥ്, വാര്‍ഡ് മെമ്പര്‍, സോഫി സോമന്‍ എന്നിവര്‍ പങ്കെടുത്തു.