ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രൂപവത്കരിച്ച ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ബൈപ്പാസ് പരിശോധന നടത്തി. പതിറ്റാണ്ടുകളായുള്ള ആലപ്പുഴ നിവാസികളുടെ സ്വപ്നമായിരുന്ന ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നല്‍കുന്നതിന് മുന്നോടിയായുള്ള പരിശോധനയാണ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നത്. ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ എസ്.മനോമോഹന്‍, എന്‍.എച്ച്.ചീഫ് എന്‍ജിനിയര്‍ എം.അശോക് കുമാര്‍, റോഡ്സ് ചീഫ് എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രി സുധാകരന്‍ രൂപവത്കരിച്ച പരിശോധനാ സമിതിയിലെ അംഗങ്ങള്‍. മദ്രാസ് ഐഐടിയിൽ നിന്നുള്ള അരവിന്ദ് രാജ്, വിജയ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

122.32 ടൺ ഭാരം കയറ്റിയുള്ള ബൈപ്പാസിന്റെ ഫിറ്റ്നസ് പരിശോധനയും സംഘത്തിൻറെ സാന്നിധ്യത്തില്‍ നടന്നു. പാലം തുറക്കുന്നതിന് മുന്നോടിയായുള്ള പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധനകളാണിത്. നേരത്തെയും ബൈപ്പാസില്‍ ഭാരപരിശോധന നടത്തിയിരുന്നു. എന്നാല്‍ മൂന്നാമതൊരു കക്ഷി വഴിയുള്ള പരിശോധനയാണ് ഇപ്പോൾ നടത്തിയത്. മദ്രാസ് ഐഐടിയിൽ നിന്നുള്ള പ്രത്യേക സംഘവും ഇതിനായി എത്തിയിരുന്നു. നിശ്ചിത ഭാരം കയറ്റിയതിനുശേഷം പാലത്തിന്റെ സ്പാനുകള്‍ക്കുണ്ടാകുന്ന ഉയർച്ച താഴ്ച്ച നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകളാണ് നടന്നത്. ചീഫ് എന്‍ജിനിയര്‍മാരുടെ പരിശോധനാ ഫലം എത്രയും പെട്ടെന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു.

പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങൾ അനിശ്ചിതമായി നീളുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രത്യേക താൽപര്യമെടുത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ബൈപാസ് നിർമാണം പൂർത്തീകരിക്കുന്നത്. ബൈപ്പാസിലെ ദീപങ്ങളുടെ ക്രമീകരണം പൂര്‍ത്തിയായിട്ടുണ്ട്.

ദേശീയപാത അതോറിറ്റി 92 സോഡിയം വേപ്പർ ദീപങ്ങളാണ് ബൈപ്പാസില്‍ സ്ഥാപിച്ചത്. എന്നാൽ എലിവേറ്റഡ് ഹൈവേ ആയതിനാല്‍ പലഭാഗത്തും ദീപങ്ങളുടെ അഭാവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാന്‍ മന്ത്രി നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് 320 എൽഇഡി ലൈറ്റ് പുതുതായി ബൈപ്പാസിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൊമ്മാടി, കളർകോഡ് ജംഗ്ഷനു കളുടെ വികസനവും സംസ്ഥാന സർക്കാർ പ്രത്യേകം പണം മുടക്കി പൂർത്തിയാക്കി.

പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. എന്‍.എച്ച്.സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ആലപ്പുഴ ജില്ല ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു. എന്‍ എച്ച് 66 കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്റര്‍ ആണ് ബൈപ്പാസ്. കഴിഞ്ഞ സര്‍ക്കാര്‍ കാലാവധി അവസാനിക്കുമ്പോള്‍ പൂര്‍ത്തിയായത് 15 % പ്രവര്‍ത്തികള്‍ ആയിരുന്നു.ഈ സര്‍ക്കാരിന്റെ കാലത്ത് ബാക്കി 85 ശതമാനം പണികളും പൂര്‍ത്തിയാക്കി.