കോട്ടയം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും രാവിലെ ഒന്‍പതു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ പരേഡ് നടക്കുക.

ഗ്രൗണ്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആഘോഷത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്ന പൗരന്‍മാരെയും പങ്കെടുപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയുള്ള പരേഡില്‍ പരമാവധി മൂന്നു മുതല്‍ അഞ്ചുവരെ കണ്ടിജന്‍റുകള്‍ മാത്രമാകും പങ്കെടുക്കുക.സ്റ്റുഡന്‍റ് പോലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്സ്, എന്‍.സി.സി ജൂണിയര്‍ ഡിവിഷന്‍ എന്നിവയുടെ പ്ലറ്റൂണുകള്‍ ഉണ്ടാവില്ല.

വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനാലാപനം, കലാപരിപാടികള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. ഗ്രൗണ്ടിനുള്ളില്‍ ലഘുഭക്ഷണ വിതരണം പാടില്ല.

പരേഡിന്‍റെ ക്രമീകരണങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളെ കളക്ടര്‍ ചുമതലപ്പെടുത്തി.