തൃശ്ശൂര്‍:  ജില്ലയിലെ ഏറെ പഴക്കമുള്ള സ്കൂളുകളിൽ ഒന്നായ വില്ലടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക്ക് പദവിയിലേക്ക്. കിഫ്ബി ഫണ്ടായ 3 കോടി രൂപ ചെലവിലാണ് സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയുമുണ്ട് ഈ വിദ്യാലയത്തിന്. ജനുവരി അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. ഹൈ സ്കൂളിനായി 13000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ 17 ഹൈടെക്ക് ക്ലാസ്സ്‌ മുറികളും ഒരു മീറ്റിങ് ഹാളുമുണ്ട്. 17 ക്ലാസ്സ്‌ ഡിവിഷനുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. 2 സ്റ്റാഫ്‌ റൂമുകൾ, ഓഫീസ് മുറി, സയൻസ് ലാബ്, ഐ ടി ലാബ്, മൂന്ന് ടോയ്‌ലറ്റുകൾ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

സ്കൂളിൻ്റെ ചുറ്റുമതിൽ നിർമാണത്തിനായി കൃഷി വകുപ്പു മന്ത്രി അഡ്വ വി എസ് സുനിൽകുമാറിന്റെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പും, ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ പ്ലാൻ ഫണ്ടും ചേർത്ത് 2 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ട്‌ ആയ 8 ലക്ഷം രൂപ വിനിയോഗിച്ചു ആധുനിക രീതിയിലുള്ള ഫിസിക്സ്, കെമിസ്ട്രി ലാബുകളും സ്കൂളിലുണ്ട്.പഴയ ഹയർ സെക്കൻഡറി ക്ലാസ്സ്‌ മുറികൾക്ക് തൃശൂർ കോർപറേഷൻ വക മിനി ഹാളും നിർമിച്ചു നൽകി.

കൈറ്റിൽ നിന്നും കോർപറേഷനിൽ നിന്നും ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ട് ഓഡിയോ വിഷൽ ഹാളും ഇവിടെ സജ്ജീകരിച്ചു. പെൺകുട്ടികളുടെ ടോയ്‌ലറ്റിനരികെ ബലക്ഷയം സംഭവിച്ച മതിൽ പുതുക്കാനും കോർപറേഷൻ സഹായം നൽകി. കൈറ്റിന്റെ സഹായത്തോടെ കംപ്യൂട്ടറുകളും പ്രോജെക്ടറുകളും വാങ്ങി 5 സ്മാർട്ട്‌ ക്ലാസ്സ്മുറികളും ഉണ്ട്. ജില്ലയിൽ ആദ്യമായി ഹയർ സെക്കൻഡറി സ്കൂളുകൾക്കായി അനുവദിച്ച സ്പെഷ്യൽ പോലീസ് കേഡറ്റ്, എൻ എസ് എസ് യൂണിറ്റ് എന്നിവ പ്രവർത്തനം ആരംഭിച്ചത് ഇവിടെയാണ്. 700 കുട്ടികൾ ഹൈ സ്കൂളിലും 500 കുട്ടികൾ ഹയർ സെക്കൻഡറിയിലു പഠിക്കുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളും പഠിക്കുന്നു. കൂടാതെ ഭിന്നശേഷിവിദ്യാർത്ഥികൾക്കുള്ള റിസോഴ്സ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.150 കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. 1906 ലാണ് 2 മുറികളോട് കൂടി വില്ലടം സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ സുഗമമായ പ്രവർത്തനം ലക്ഷ്യമാക്കി 1910 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.1981 ൽ പൊതു ജന പങ്കാളിത്തത്തോടെ ഹൈസ്കൂളായും 1999 ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.