കണ്ണൂരില്‍ ‘സാഹസികമാസം’ പദ്ധതി മെയ് ആറുമുതല്‍
ആരോഗ്യപരമായ ജീവിതശൈലിക്കായി പൊതുസമൂഹത്തെ ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സാഹസികമാസം’ പദ്ധതിക്ക് മെയ് ആറിന് തുടക്കമാകും.
നാലു ഞായറാഴ്ചകളിലായി നാലു സാഹസികയജ്ഞങ്ങള്‍ക്ക് ആരംഭമാകും. ടൂറിസത്തിന്റെ സാധ്യതകള്‍ വിനിയോഗിച്ചുകൊണ്ടുള്ള ചതുര്‍ദിനപരിപാടി കണ്ണൂരിന്റെ ചരിത്രവും സംസ്‌കാരവും അടുത്തറിയാന്‍ സഹായിക്കുമെന്ന് മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘മന്ത് ഓഫ് അഡ്വഞ്ചര്‍’ ആവേശം ഇരട്ടിയാക്കാനായി ‘ഗിഫ്റ്റ് എ സൈക്കിള്‍’ പ്രചാരണവും നാലിന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. പ്രിയപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൈക്കിള്‍ദാനം ചെയ്യാന്‍ ആര്‍ക്കും അവസരമൊരുക്കുന്നതാണ് പദ്ധതി.
സൈക്കിള്‍ യജ്ഞം, മാരത്തണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിങ്ങനെ സാഹസികര്‍ക്കും കായികപ്രേമികള്‍ക്കും ആവേശമാകുന്ന ചേരുവകള്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ആതിഥ്യം ഒരുക്കും. ആരോഗ്യപരമായ ജീവിതശൈലിയിലേക്ക് മാറി രോഗങ്ങള്‍ കുറയ്ക്കാന്‍ യുവാക്കള്‍ക്ക് പ്രോത്‌സാഹനമാണ് സാഹസികപരിപാടികളിലൂടെ ഉന്നം വെയ്ക്കുന്നത്.
കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍ യജ്ഞത്തോടെയാണ് മേയ് ആറിന് പരിപാടികള്‍ക്ക് തുടക്കമാവുക. മേയ് 13ന് ‘തലശ്ശേരി ഹെറിറ്റേജ് മാരത്തോണ്‍’ ചരിത്രത്തിലേക്കുള്ള ഒരു ഓട്ടമത്‌സരമായി മാറും. തലശ്ശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങള്‍ തൊട്ടറിയാന്‍ പാകത്തില്‍ ‘സെല്‍ഫി പോയിന്റു’കളും ഈ വീഥിയില്‍ ഒരുക്കിയിട്ടുണ്ടാവും.
മേയ് 20ന് നീന്തല്‍പ്രേമികള്‍ക്ക് വളപട്ടണം പുഴ കടക്കാന്‍ ‘പറശ്ശിനി ക്രോസ്’ നീന്തല്‍യജ്ഞം നടക്കും. കയാക്കിംഗ് എന്തെന്ന് അറിയാത്തവര്‍ക്ക് കയാക്കിംഗ് കാണാനും ആസ്വദിക്കാനും 27ന് പയ്യന്നൂരിനടുത്ത് കവ്വായിയില്‍ കയാക്കിംഗ് യജ്ഞം സംഘടിപ്പിക്കും.
ഓരോ ഞായറാഴ്ചയിലും രാവിലെ മുതല്‍ സജീവമാകുന്ന സാഹസികദിനത്തില്‍ കേരളത്തില്‍ എവിടെ നിന്നെത്തുന്നവര്‍ക്കും പങ്കാളികളാകാം. കണ്ണൂരില്‍നിന്നും പുറത്തുനിന്നുമുള്ള വിവിധ രംഗത്തെ പ്രതിഭകളും സിനിമാ കായിക താരങ്ങളും പരിപാടികളില്‍ പങ്കെടുക്കും. സാഹസികപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. www.wearekannur.com എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷന് അവസരമുണ്ട്. ഫോണ്‍: 9645454500.
സാഹസികമാസത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ലോഗോയും പോസ്റ്ററും ചടങ്ങില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ്രകാശനം ചെയ്തു.