വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കിണങ്ങിയ പഠനമേഖല തിരഞ്ഞെടുക്കുന്നതിനായി സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ച് കട്ടപ്പന നഗരസഭ മാതൃകയായി. കട്ടപ്പന ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭാധ്യക്ഷന്‍ മനോജ്.എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു, ഡിഗ്രി അധ്യയനം പൂര്‍ത്തിയാക്കി ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവിലെത്തി നില്ക്കുന്ന വിദ്യാര്‍ത്ഥികളെ മികച്ച തൊഴില്‍, ജീവിത വിജയത്തിന് പ്രാപ്തരാക്കുന്നതിന് പ്രയോജനപ്രദമായ പഠനമേഖലയിലേക്ക് വഴികാട്ടുകയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യം വയ്ക്കുന്നതെന്ന് ചെയര്മാന് പറഞ്ഞു. പ്രശസ്ത കരിയര്‍ ഗുരു ഡോ. പി.ആര്.വെങ്കിട്ടരാമന് സെമിനാര്‍ നയിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ചേരുവാനിരിക്കുന്ന നാനൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സെമിനാറില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തും തൊഴില്സാധ്യതയുളള വിവിധ കോളേജുകളെ പരിചയപ്പെടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറിലൂടെ സാധിച്ചു.
നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ രാജമ്മ രാജന് അധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബെന്നി കല്ലൂപുരയിടം സ്വാഗതവും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗ്രേസ്മേരി ടോമിച്ചന് നന്ദിയും പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍മാരായ സി.കെ.മോഹനന്, പി.ആര് രമേഷ്, തങ്കമണി രവി, ലൂസി ജോയി, ജലജ ജയസൂര്യ, മനോജ് മുരളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
