സെക്രട്ടേറിയറ്റിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി നടത്തിയ മോക്ഡ്രിൽ വിജയകരം. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 11 ന് നടത്തിയ മോക്ഡ്രില്ലിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. അഗ്‌നിബാധ അറിയിപ്പിനുള്ള ഫയർ അലാറം മുഴങ്ങിയ ഉടൻ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി ഇവാക്യുവേഷൻ സംഘവും സെർച്ച് ആന്റ് റെസ്‌ക്യൂ സംഘവും പാഞ്ഞെത്തി. കൃത്യതയോടെ ജീവനക്കാരെ അസംബ്ലി പോയിന്റിലേക്ക് മാറ്റി.

ഫയർ ഫൈറ്റിംഗ് ടീം അഗ്‌നി ബാധ ഇല്ലാതാക്കി. ഫസ്റ്റ് എയ്ഡ് ടീമിന്റെ നേതൃത്വത്തിൽ പരിക്കു പറ്റിയവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി അവരെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെയുള്ള പ്രവർത്തനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി.
റീജിയണൽ ഫയർ ഓഫീസർ പി.ദിലീപൻ, സ്റ്റേഷൻ ഓഫീസർമാരായ ഡി. പ്രവീൺ, രൂപേഷ് എസ്.ബി എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേർ ഉൾപ്പെട്ട അഗ്‌നിശമന സേനാസംഘമാണ് മോക്ഡ്രില്ലിൽ പങ്കാളിയായത്. ഒരു ഫോം ടെന്റർ, ജീപ്പ്, മൾട്ടി പർപ്പസ് വെഹിക്കിൾ എന്നീ വാഹനങ്ങളും മോക്ഡ്രില്ലിനായി ഉപയോഗിച്ചു.