ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ ഒഴുകുന്ന കുരിശു കടവ് തോട്,താഴത്തുരുത്തിതോട്, എലിക്കാട്ട് – പൂച്ചാക്കല്‍തോട് എന്നീ തോടുകള്‍ പുനര്‍ജനിക്കുന്നു. മഴക്കാലം മുന്‍നിര്‍ത്തി ജലസേചന വകുപ്പുമായി ചേര്‍ന്നാണ് തോടുകള്‍ ശുചീകരിക്കുന്നത്. തോടുകളിലെ ചെളി വാരിക്കളഞ്ഞ് ആഴം കൂട്ടി നവീകരിക്കാനായി കുരിശു കടവ് തോടിന്- 4,82,000രൂപ,താഴത്തുരുത്തിതോടിന് 1,65,000രൂപ, എലിക്കാട്ട് -പൂച്ചാക്കല്‍തോടിന് 2,53,000രൂപ എന്നിങ്ങനെയാണ് എസ്.ഡി.ആര്‍.എഫില്‍ നിന്നും തുക അനുവദിച്ചിരിക്കുന്നത്.

മലിനമായി കിടക്കുന്ന തോടുകള്‍ കണ്ടെത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ആഴംകൂട്ടി വൃത്തിയാക്കാനായി തൈക്കാട്ടുശേരി ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചതോടെയാണ് തോടുകള്‍ക്ക് ശാപമോക്ഷമാകുന്നത്.ഡ്രഡ്ജിങ് യുട്ടിലിറ്റി ക്രാഫ്റ്റ് എന്ന സാങ്കതിക വിദ്യ ഉപയോഗിച്ചാണ് തോടുകള്‍ വൃത്തിയാക്കുന്നത്. ഇത് തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണുമാറ്റി ആഴം കൂട്ടാന്‍സഹായിക്കും. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടിന് ചുറ്റുമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. ചോലകളും പുല്ലുകളും വെട്ടിമാറ്റി തോട്ടിലടിഞ്ഞ പ്ലാസ്റ്റിക്, ചെളി, കയര്‍ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ യന്ത്ര സഹായത്തോടെ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങളാണിപ്പോള്‍ പുരോഗമിക്കുന്നത്.

തോടിന്റെ ഇരുകരകളിലും കയര്‍ഭൂവസ്ത്രം വിരിക്കല്‍,സൗന്ദര്യവത്ക്കരണത്തിനുളള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തോടിന്റെ ഇരുകരയിലും കഴിയുന്നവരുടെ ദുരിതത്തിനും ഇതോടെ അറുതിയാകുമെന്ന് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ പറഞ്ഞു. ഈ തോടുകളുടെ ശുചീകരണം പൂര്‍ത്തിയായാലുടന്‍ രണ്ടാംഘട്ടത്തില്‍ പഞ്ചായത്തിലെ അടുത്ത 20 തോടുകള്‍ കൂടി ശുചീകരണം നടത്തി നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.