തിരുവനന്തപുരം:  കൃഷി വിജ്ഞാന വ്യാപനത്തിന് സംസ്ഥാന കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാരം നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി കെ.എം സുനില്‍കുമാറിന്.  ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരം.  ചെങ്കല്‍ മേഖലയുടെ കാര്‍ഷികപ്പെരുമ വീണ്ടെടുക്കുന്നതിനായി പച്ചക്കറികൃഷി, നെല്‍കൃഷി, വാഴ, തെങ്ങ്, അലങ്കാര പുഷ്പ കൃഷി എന്നിവയുടെ വ്യാപനം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയിരുന്നു.  ചെങ്കല്‍ പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്താക്കി മാറ്റുന്നതിനുംസുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു.
കൃഷിയെ കൂടുതല്‍ അടുത്തറിയുന്നതിന് കര്‍ഷകര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ‘കൃഷി പാഠശാല’ എന്ന പേരില്‍ ക്ലാസുകള്‍ ആരംഭിച്ചതും സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ്.  ഈ ആശയം കൃഷി വകുപ്പ് ഏറ്റെടുത്ത് സംസ്ഥാനത്താകെ നടപ്പാക്കി വരുന്നുണ്ട്.  കൃഷി വകുപ്പിന്റെ അഭിമാനമായ വൈഗ ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍ തിരുവനന്തപുരം ജില്ലയിലെ പ്രദര്‍ശന സ്റ്റാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് നടത്തിവരുന്നത്.  മറ്റ് നിരവധി മേളകളില്‍ സ്റ്റാളുകള്‍ നടത്തി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
2012 നവംബര്‍ ഒന്നിന് ആലപ്പുഴ ചേര്‍ത്തല തെക്ക് കൃഷിഭവനില്‍ അസിറ്റന്റായി സര്‍വീസില്‍ പ്രവേശിച്ച സുനില്‍ കുമാറിന് 2013 ല്‍ മികച്ച കൃഷി അസിസ്റ്റന്റിനുള്ള ആലപ്പുഴ ജില്ലാ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.  2014 ലും 2015 ലും ആലപ്പുഴ ജില്ലയില്‍ മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  2017 ല്‍ മികച്ച കൃഷി അസിസ്റ്റന്റിനുള്ള തിരുവനന്തപുരം ജില്ലാ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ സുനില്‍കുമാര്‍ നിലവില്‍ ആലപ്പുഴ കൈനകരി കൃഷി ഭവനില്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരുന്നു.  ഭാര്യ ജെന്‍സി കേരള സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫീസറാണ്.  മകന്‍ സാന്റോ ഇമ്മാനുവല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി.