എറണാകുളം: ലൈഫ് പദ്ധതി പ്രകാരമുള്ള2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ലൈഫ് സ്ട്രീമിങ്ങും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഭാഗമായി അദാലത്തും നടക്കും.

കുടുംബ സംഗമം സംഘാടനവുമായി ബന്ധപ്പെട്ട് അതാത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിക്കാൻ കളക്ടർ എസ് സുഹാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകി. കൂടാതെ പദ്ധതി പൂർത്തീകരണം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക കർമ്മ പരിപാടി തയാറാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 50,000 രൂപയും മുൻനിപ്പാലിറ്റികൾക്ക് 30,000 രൂപയും പഞ്ചായത്തുകൾക്ക് 25,000 രൂപയും ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾക്ക് 10,000 രൂപയും തനത് ഫണ്ടിൽ നിന്നും ഉപയോഗിക്കാം.

ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാകാത്ത സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇവിടെ സമർപ്പിക്കാം. ഈ അപേക്ഷകൾ ജില്ലാ കളക്ടറുടെ അദാലത്തിൽ തീർപ്പാക്കും. ജില്ലാ കളക്ടർ ഈ അപേക്ഷകളുടെ തുടർ നടപടികൾക്കായി വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്യും. .യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ് , തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരും സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.