കാസര്‍ഗോഡ് : പുല്ലുര്‍ വില്ലേജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കിയത് സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയില്‍ അല്ലെന്ന് റവന്യു വകുപ്പ് പുനഃപരിശോധനയില്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രപുരോഗതി ഉറപ്പു വരുത്തണമെങ്കില്‍ ഭൂരഹിതരായ രോഗികള്‍ക്ക് ഭൂമിയും വീടും നല്‍കി അവര്‍ക്ക് ജീവനോപാധി ഉറപ്പു വരുത്തേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ 2015 ല്‍ പുല്ലൂര്‍ വില്ലേജിലെ 492/1 സര്‍വ്വേ നമ്പറില്‍ അര്‍ഹരായ 30 പേര്‍ക്ക് പത്ത് സെന്റ് വീതം പട്ടയം അനുവദിച്ച് നല്‍കിയിരുന്നു. ഇപ്രകാരം പട്ടയം അനുവദിച്ച ഭൂമിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന ട്രസ്റ്റിന്റെ ഉറപ്പിന്മേലാണ് പട്ടയം നല്‍കിയത്. എന്നാല്‍ റവന്യു വകുപ്പ് നടത്തിയ പുന:പരിശോധനയില്‍ ട്രസ്റ്റ് വീട് നിര്‍മിച്ച് നല്‍കിയത് ദുരിതബാധിതര്‍ക്ക് പട്ടയം അനുവദിച്ച ഭൂമിയില്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു.
നിലവില്‍ വീട് നിര്‍മിക്കപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടുനമ്പരും കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പടെ അനുവദിക്കണമെങ്കില്‍ അവരുടെ പേരില്‍ ഭൂമി പതിച്ചു നല്‍കേണ്ടതുണ്ട്. ഒരിക്കല്‍ പതിച്ച് നല്‍കിയാല്‍ അവര്‍ക്ക് വീണ്ടും ഭൂമി പതിച്ചു നല്‍കാന്‍ നിയമപ്രകാരം കഴിയുകയില്ലെന്ന് കളക്ടര്‍ പറഞ്ഞു. ആയതിനാല്‍ നേരത്തേ അനുവദിച്ച പട്ടയങ്ങള്‍ റദ്ദ് ചെയ്യേണ്ടതുണ്ട്. ഇപ്രകാരം അനുവദിച്ച പട്ടയങ്ങള്‍ റദ്ദ് ചെയ്ത ശേഷം പുതുതായി നിര്‍മിച്ച വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്തിന് പട്ടയം നല്‍കുന്ന നടപടി ആരംഭിച്ചിരിക്കുകയാണെന്ന് കളക്ടര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നടത്തിയ പരിശോധനയില്‍ സ്ഥലമോ വീടോ ഇല്ലാതിരുന്ന അപേക്ഷകരില്‍ അര്‍ഹരായ 42 കുടുംബങ്ങള്‍ക്ക് 2020 ജൂണ്‍ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സുതാര്യമായ നടപടിക്രമത്തിലൂടെ നറുക്കെടുപ്പ് നടത്തി ഭൂമി അനുവദിച്ചിരുന്നു. പുല്ലൂര്‍ വില്ലേജിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെയാണിത്. ഇതില്‍ പുല്ലൂര്‍ വില്ലേജില്‍ ഏഴു കുടുംബങ്ങള്‍ മാത്രമാണ് വീട് ഏറ്റെടുക്കാന്‍ തയ്യാറായത്. 2020 ജൂലൈ മൂന്നിന് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ യോഗം ഇത് അംഗീകരിച്ചിട്ടുള്ളതാണെന്ന് കളക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ആരെന്ന് തീരുമാനിക്കുന്നത് വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്‍ ആണ്. ഈ നടപടിക്രമങ്ങളുടെ ഭാഗമായി 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ക്ക് അതിനാല്‍ തന്നെ ഈ പദ്ധതിയില്‍ ഭൂമിയോ വീടോ നല്‍കാന്‍ നിയമപ്രകാരം കഴിയുകയില്ല. സര്‍ക്കാര്‍ സദുദ്ദേശത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി മാത്രം നിജപ്പെടുത്തിയ ഈ പദ്ധതിയില്‍ ആര്‍ക്കെങ്കിലും ഭൂമിയും വീടും നല്‍കുന്നതിന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍യോഗം തീരുമാനിക്കേണ്ടതുണ്ട്.
അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നോട്ടീസ് നല്‍കിയ നടപടി നിയമപരമായും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുസരിച്ചുള്ളതുമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ കവര്‍ന്നെടുക്കുന്നുവെന്ന് കഴിഞ്ഞ സെല്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ആയതിനാല്‍ തെറ്റായ പ്രചാരണത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട 6727 രോഗികളില്‍ ഏതെങ്കിലും ദുരിത ബാധിതര്‍ക്ക് സ്ഥലമോ വീടോ നിലവില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലില്‍ അപേക്ഷ നല്‍കാവുന്നതാണെന്നും നിര്‍മിച്ച ഭവനങ്ങള്‍ അര്‍ഹരായവര്‍ക്ക് നടപടിക്രമങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.