അംഗന്‍വാടി ജീവനക്കാരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവുകളുടെ അപാകത പരിഹരിച്ച് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അംഗന്‍വാടി ജീവനക്കാരുടെ വിവിധ സംഘടനകളുമായി ആരോഗ്യവും സാമഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയായാണ് ഉത്തരവിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം അംഗന്‍വാടി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമവും നിശ്ചയിച്ചു. അംഗന്‍വാടി ജീവനക്കാരിയായിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള നിയമനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനായി അംഗന്‍വാടിയില്‍ നിന്നും രാജിവച്ചവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധിയായിരിക്കെ അംഗന്‍വാടിയില്‍ നിയമന ഉത്തരവ് ലഭിച്ചവര്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിക്കകത്തുള്ള സ്ഥലംമാറ്റം (കോര്‍പറേഷന്‍ ഏരിയയില്‍ പ്രോജക്ട്തലം), സീനിയോറിറ്റി ലിസ്റ്റില്‍ നിന്നുള്ള നിയമനം, സെലക്ഷന്‍ ലിസ്റ്റില്‍ നിന്നുള്ള നിയമനം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ നിന്നുള്ള സ്ഥലം മാറ്റം, മറ്റ് പ്രോജറ്റുകളില്‍ നിന്നുള്ള സ്ഥലം മാറ്റം എന്നിങ്ങനെയാണ് മുന്‍ഗനാക്രമം നിശ്ചയിച്ചിട്ടുള്ളത്.

പുതുക്കിയ ഉത്തരവനുസരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകളിലെ അങ്കണവാടി തസ്തികയുടെ 25 ശതമാനം, നാലിലൊന്ന് എന്ന കണക്കില്‍ ഓരോ നാലാമത്തെ ഒഴിവും 10 വര്‍ഷം സ്ഥിര സേവനവും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ പത്താംതരം തുല്യതയും നേടിയിട്ടുള്ള ഹെല്‍പര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ആകെ തസ്തികയുടെ 25 ശതമാനം ഹെല്‍പര്‍മാരില്‍ നിന്നുള്ള സ്ഥാനക്കയറ്റം തികയുന്നത് വരെ നീക്കി വച്ചു. ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ അംഗന്‍വാടി വര്‍ക്കറുടേയും ഹെല്‍പറുടേയും ആകെ ഒഴിവിന്റെ 10 ശതമാനം അംഗന്‍വാടിക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്കോ അവരുടെ ആശ്രിതര്‍ക്ക് വേണ്ടിയോ മാറ്റി വയ്‌ക്കേണ്ടതാണ്. പ്രോജക്ടിലെ വര്‍ക്കറുടെ അല്ലെങ്കില്‍ ഹെല്‍പറുടെ ഒഴിവുകളുടെ ഓരോ പത്താമത്തെ ഒഴിവും ഈ വിഭാഗത്തില്‍ നിന്നും നിയമനം നടത്തേണ്ടതുണ്ട്.

അംഗന്‍വാടി ഹെല്‍പര്‍മാരില്‍ നിന്നും വര്‍ക്കറായി സ്ഥാനക്കയറ്റം നല്‍കുന്നതും അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനായി ഭൂമി സൗജന്യമായി നല്‍കിയവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ നിയമനം നല്‍കുന്നതും മുന്‍ഗണനാ ക്രമത്തില്‍ നിന്നും ഒഴിവാക്കി പ്രത്യേകമായി പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.