ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ അര്‍ഹരായവര്‍ക്ക് നല്‍കുന്നതില്‍ കാലതാമസമുണ്ടാവരുതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പരിസരത്ത് നടന്ന പട്ടയമേളയില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത്തല ആനുകൂല്യങ്ങള്‍ പോലും ലഭ്യമാവാത്ത സാഹചര്യമുളളതിനാല്‍ അത്തരം കാലതാമസത്തിന് ന്യായീകരണമില്ല.1957-ല്‍ തുടങ്ങി 70-ല്‍ പരിഷ്‌കരിച്ച ഭൂപരിഷ്‌കരണ നിയമപ്രകാരം നിലവില്‍ കേരളത്തില്‍ ജന്മിമാരില്ല. സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡിന്റെ നേതൃത്വത്തിലും നിയമവ്യവസ്ഥകളിലൂടേയും ട്രീബ്യൂനലുകള്‍ വഴി ഒന്നോ രണ്ടോ ഹിയറിങ്ങിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണതയിലെത്തിക്കാന്‍ ഇപ്പോള്‍ സാധ്യമാണ്. ഇക്കാര്യത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ വില്ലേജ് ഓഫീസര്‍മാര്‍ വഴി തീര്‍പ്പാക്കാന്‍ സാധിക്കും. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇത്തരത്തില്‍ ആവശ്യത്തിന് ഭേദഗതി വരുത്തി സര്‍ക്കാര്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. നിലവിലുളള നിയമം ദരിദ്രരരും കര്‍ഷകരും കൈവശക്കാരും ഉള്‍പ്പെട്ട അര്‍ഹരായവര്‍ക്ക് വേണ്ടിയാണ്.
സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ സുരക്ഷാ പാര്‍പ്പിട പദ്ധതി(ലൈഫ്) യുടെ ആദ്യഘട്ടത്തില്‍ മുന്‍കാലങ്ങളിലെ വിവിധ ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാത്ത 70,000-ത്തോളം വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം ഭൂമി കണ്ടെത്തിയുളള ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മുഴുവന്‍പേര്‍ക്കും ഭവനമുളള ലോകത്തിലെ തന്നെ ഓരേയൊരു സംസ്ഥാനമായിരിക്കും കേരളമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴിയുളള ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. ഭൂമി കണ്ടെത്താനുളള ഉത്തരവാദിത്തം റവന്യൂ വകുപ്പിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.ബി രാജേഷ് എം.പി. അധ്യക്ഷനായ പരിപാടിയില്‍ എം.എല്‍.എമാരായ കെ.കൃഷ്ണന്‍കുട്ടി, കെ.വി വിജയദാസ്, കെ.ബാബു, മുഹമ്മദ് മുഹസിന്‍ കെ.ബാബു നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എ.ഡി.എം. ടി. വിജയന്‍, ആര്‍.ഡി.ഒ പി.കാവേരിക്കുട്ടി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.