എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നതല സംഘം അറിയിച്ചു. കുട്ടമ്പുഴ ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ സേവനം പട്ടികവര്‍ഗ്ഗ കോളനിയില്‍ ലഭ്യമാണ് എങ്കിലും അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രദേശത്ത് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. കോളനി നിവാസികള്‍ക്കായുളള റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. മാസത്തില്‍ രണ്ട് തവണ െ്രെടബല്‍ കമ്യൂണിറ്റി ഹാളില്‍ റേഷന്‍ വിതരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കോളനിക്കാരുടെ വിവിധാവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പട്ടികവര്‍ഗ്ഗ ഡയറക്ടര്‍ പി. പുകഴേന്തി, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനി സന്ദര്‍ശിച്ച് വിവിധ പരാതികളില്‍ അന്വേഷണം നടത്തിയത്. ഏകാദ്ധ്യാപക വിദ്യാലയത്തെ എല്‍.പി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 10 പേര്‍ക്കുള്ള കിടത്തി ചികിത്സ സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. മൂവാറ്റുപുഴ െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ജി. അനില്‍ കുമാര്‍ , മൂവാറ്റുപുഴ തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസ്, കോതമംഗലം തഹസില്‍ദാര്‍ കെ.എം നാസര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിയില്‍ 187 കുടുംബങ്ങളാണുള്ളത്. നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാരനുവദിച്ച അളവില്‍ മണ്ണെണ്ണ ലഭിക്കുന്നുണ്ട്. കോളനിയിലെ ആറുപേര്‍ക്കൊഴികെ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് ആധാര്‍ കാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കിയത്. കോളനിയില്‍ നിലവില്‍ സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.