ജില്ലയില്‍നിന്ന് അന്യസംസ്ഥാനത്തേക്ക് ജോലിക്കുപോകുന്ന ആദിവാസി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആദിവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ ക്ഷേമ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിളിച്ചു ചേര്‍ത്ത പ്രത്യേകയോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. ഇതര സംസ്ഥാനത്ത് ജോലിക്കുപോകുന്ന ആദിവാസി തൊഴിലാളികളുടെ ആരോഗ്യനില തിരിച്ചെത്തുമ്പോള്‍ പരിതാപകരമാണ്. എജന്റുമാരാണ് ഇവരെ കൂട്ടത്തോടെ ജോലിക്കായി കൊണ്ടുപോകുന്നത്. തൊഴിലിടങ്ങളില്‍ ഇവര്‍ക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കുന്നില്ലെന്നും ആദിവാസി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉറപ്പുനല്‍കി.

പട്ടിക വര്‍ഗക്കാരുടെ ഭവന നിര്‍മാണം, തൊഴില്‍, വിദ്യാഭ്യാസം, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കല്‍, ആദിവാസികളിലെ മദ്യാസക്തി തുടങ്ങിയ വിവിധ വിഷയങ്ങളിലെ വെല്ലുവിളികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കുക, ഊരുകൂട്ടങ്ങള്‍ ശക്തിപെടുത്തുക, പട്ടിക വര്‍ഗക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെച്ചു.

ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കാത്തതുകൊണ്ട് പട്ടികവര്‍ഗക്കാരായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗക്കാര്‍ക്ക് പോലീസ്, എക്‌സൈസ് വകുപ്പുകളിലേക്ക് നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ ബോണ്ട് ഇളവുനല്‍കാന്‍ സര്‍ക്കാരിലേക്ക് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശീലന ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ തുക പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
മരിയനാട് ഭൂമി പ്രശ്‌നത്തില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള പ്രപ്പോസല്‍ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തീരുമാനമാകുന്നമുറയ്ക്ക് മരിയനാട് പ്രദേശത്ത് സ്ഥലം ലഭിച്ച പട്ടികവര്‍ഗക്കാരുടെ ഭൂമി പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികവര്‍ഗക്കാരായ ഗുണഭോക്താക്കളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എതെങ്കിലും ഗുണഭോക്താക്കളുടെ വീടുകളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലയിലെ ആദിവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.