എറണാകുളം:  ലോകാരോഗ്യ സംഘടനയുടെ അമ്പതാമത് പ്രമേയ പ്രകാരം മന്തുരോഗം ആഗോളതലത്തിൽ നിർമാർജജനം ചെയ്യപ്പെടേണ്ട ഒന്നായി തീരുമാനിക്കപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ലോകമെമ്പാടും മന്ത് രോഗ നിർമാർജജന പദ്ധതിയുടെ തുടക്കം കുറിച്ചു. ഈ പരിപാടിയിൽ ഇന്ത്യയും പങ്കാളിയായി. രാജ്യത്തുനിന്നും 2020 ഓടെ മന്തുരോഗ നിർമാർജനം ചെയ്യുകയായിരുന്നു ലക്ഷ്യം. 2000 മുതൽ ജില്ലയിൽ നടപ്പാക്കി വരുന്ന സാമൂഹിക മരുന്നു വിതരണ പദ്ധതി (M D A) യും അതിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത 16 സ്ഥലങ്ങളിലായി ഓരോ വർഷവും നടത്തിവരുന്ന രാത്രി കാല രക്‌ത പരിശോധനയിൽ തദ്ദേശീയമായ മന്ത് രോഗ വാഹകരെ കണ്ടെത്താത്തതിനെ തുടർന്ന് പ്രോഗ്രാമിന്‍റെ ഫലസിദ്ധി പരിശോധിച്ച് ജില്ലയെ മന്ത് രോഗ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഇതിന്‍റെ ഭാഗമായി M D A പ്രോഗ്രാം നടപ്പാക്കിയതിനു ശേഷം ജനിച്ച കുട്ടികളിൽ മന്ത് രോഗത്തിൻറെ സാധ്യത പരിശോധിക്കുന്നതിനായി 2015, 2017, 2019 വർഷങ്ങളിൽ സ്കൂൾ കുട്ടികളിൽ നടത്തിയ( T A S )ട്രാൻസ്മിഷൻ അസ്സസ്സ്മെൻറ് സർവ്വേ ജില്ലയിൽ വിജയകരമായി പൂർത്തീകരിച്ചതിനാൽ ജില്ല മന്ത് രോഗ വിമുക്തമാകാൻ അർഹമായിരിക്കുകയാണ്.ഇതിന്‍റെ തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ ജില്ലയിലെ തെരഞ്ഞെടുത്ത 16 കേന്ദ്രങ്ങളിൽ 5 മുതൽ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ മന്ത് രോഗ സാധ്യത പരിശോധിക്കുന്നതിനായി നടത്തുന്ന രാത്രി കാല രക്ത പരിശോധനാ ക്യാമ്പ് ജനുവരി 28 ന് കൊച്ചി കോർപ്പറേഷൻ നസ്രത്ത് ഡിവിഷനിൽ ഉദ്ഘാടനം നടത്തുകയാണ്.

മന്തുരോഗ നിർമാർജജനത്തിൻറെ തുടർപ്രവർത്തനങ്ങൾ ആയി മുൻപ് രോഗം ബാധിച്ചിട്ടുള്ളവരുടെ ദുരിതം കുറയ്ക്കുന്നതിനായി ജില്ലയിലെ തെരഞ്ഞെടുത്ത ജില്ലാ, താലൂക്ക് ആശുപത്രികളിൽ മോർബിഡിറ്റി മാനേജ്മെൻറ് ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നു. കൂടാതെ രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്ന അതിഥി തൊഴിലാളികൾക്കായി രാത്രികാല രക്ത പരിശോധനാ ക്യാമ്പും ചികിത്സയും നടത്തിവരുന്നു. ജില്ലയിലെ എറണാകുളം ജനറൽ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ എല്ലാ ചൊവ്വാഴ്ചയും രാത്രി 8 മണി മുതൽ 10 വരെ രാത്രികാല രക്തപരിശോധന ക്ലിനിക്കും പ്രവർത്തിച്ചുവരുന്നു.

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്‍റെ നേതൃത്വത്തിൽ രാത്രികാല രക്ത പരിശോധന ക്യാമ്പുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്നതോടൊപ്പം ഇതിൻറെ ഭാഗമായി കൊതുകുകളിൽ മന്തുരോഗം പരത്താൻ ശേഷിയുളള മൈക്രോ ഫൈലേറിയായുടെ സാന്നിധ്യമുണ്ടോയെന്നറിയുന്നതിനായി കൊതുകിൻറെ ഡിസെക്ഷൻ പരിശോധനയും നടത്തിവരുന്നു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലയെ മന്തുരോഗ വിമുക്തം ആക്കുന്നതിനും വരുംതലമുറയെ ഈ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.