എറണാകുളം: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം ജില്ലയിൽ ഫെബ്രുവരി 15, 16, 18 തീയതികളിൽ നടക്കും. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ഇ.പി.ജയരാജൻ, ജി.സുധാകരൻ എന്നിവർ പങ്കെടുക്കും.

ഫെബ്രുവരി 15ന് കണയന്നൂർ, കൊച്ചി താലൂക്കുകളുടെയും 16 ന് ആലുവ ,പറവൂർ താലൂക്കുകളുടെയും, 18 ന് കുന്നത്തുനാട് , മുവാറ്റുപുഴ, കോതമംഗലം താലൂക്കുകളുടെയും അദാലത്തുകളാണ് നടക്കുന്നത്.
പൊതുജനങ്ങൾക്ക് പരാതികൾ തിങ്കളാഴ്ച മുതൽ സമർപ്പിക്കാം.
പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നൽകാം. ഇതു കൂടാതെ വില്ലേജ് ഓഫീസുകളിലും, താലൂക്ക് കേന്ദ്രങ്ങളിലും, ജില്ലാ കേന്ദ്രത്തിലും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്‍ററുകള്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഇത്തരം സ്ഥലങ്ങളിൽ ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണമെന്ന് കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു.
പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്‍ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം 28, 29 തീയതികളിൽ നല്‍കും.

പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥരെ നിയോഗിക്കും. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കും.

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണമെന്നും കളക്ടർ നിർദ്ദേശിച്ചു. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് കളക്ടർ നിര്‍ദ്ദേശിച്ചു.

സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങള്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
അപേക്ഷകൾ സ്വീകരിക്കുന്നതിനായി കളക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിക്കും. ലൈഫ് മിഷൻ , പ്രളയം, പോലീസ് ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല