എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായി രായമംഗലം പഞ്ചായത്ത് നടപ്പാക്കിയ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതി പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച പദ്ധതിയാണ് ഇപ്പോൾ ആരംഭിച്ചത്. സംഭരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഗുണനിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ തരംതിരിച്ച് ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡ് ടാറിങ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി പ്ലാൻറ് സ്ഥാപിച്ചിരുന്നെങ്കിലും അതിൻറെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. പ്ലാൻ്റിൻ്റെ പ്രവർത്തനവും പുനരാരംഭിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം പി അജയ കുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സംഭരിച്ച പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തുന്ന ഹരിത കർമ സേന അംഗങ്ങൾക്ക് ഒരു വീട്ടിൽ നിന്നും 30 രൂപ വീതം നൽകണം.പഞ്ചായത്തിൻ്റെ കേന്ദ്രത്തിൽ എത്തിച്ച് തരംതിരിച്ച്
ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കും. നൽകുന്ന പ്ലാസ്റ്റിക്കിൻ്റെ വിവിധ നിലവാരമനുസരിച്ച് വില ലഭിക്കും.

കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളാ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശുചിത്വ ക്യാമ്പയിൻ നടപ്പാക്കുകയാണ് . ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിൽ നിന്നും 20 ഇനം തരംതിരിച്ച അജൈവപാഴ് വസ്തുക്കൾ ശേഖരിക്കും.

ശുചിത്വ പദവി കൈവരിച്ച രായമംഗലം പഞ്ചായത്തിലും അജൈവ മാലിന്യ ശേഖരണ ക്യാമ്പയിൻ പുരോഗമിക്കുകയാണ്. വീടുകളിൽ നിന്നും ഹരിത കർമ്മസേന ശേഖരിച്ച തരംതിരിച്ച അജൈവ പഴവസ്തുക്കൾ ക്ലീൻ കേരള കമ്പനിയുടെ (CKCL) സഹകരണത്തോടെ ശേഖരിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കൈമാറിയ അജൈവ പഴവസ്തുക്കളുടെ തുക കർമ്മ സേനക്ക് കൈമാറും