പാലക്കാട്:  രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി കോട്ടമൈതാനത്ത് രാവിലെ ഒന്പതിന് ദേശീയ പതാക ഉയര്ത്തും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില് ചേര്ന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തില് ക്രമീകരണ പ്രവര്ത്തനങ്ങള് വിലയിരുത്തി. കോവിഡ്- 19 രോഗബാധയുടെ സാഹചര്യത്തില് റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില് പൊതുജനങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നു സര്ക്കാര് തീരുമാനിച്ചിട്ടുള്ളതായി ജില്ലാ കലക്ടര് അറിയിച്ചു.
റിപ്പബ്ലിക് ദിനത്തില് രാവിലെ മുഴുവന് ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്ത്തണമെന്നും പതാക ഉയര്ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന് ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു ഓഫീസ് മേധാവികള് ഉറപ്പുവരുത്തണമെന്നും എ.ഡി.എം പറഞ്ഞു. പൂര്ണ്ണമായും കോവിഡ് മാനദണ്ഡങ്ങള് പാലിച്ചു കൊണ്ടായിരിക്കും റിപ്പബ്ലിക് ദിനാഘോഷം നടത്തുക. റിഹഴ്‌സല് സമയത്തും പരേഡിന് ഇടയിലും ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര് ഉപയോഗം, എന്നിവ കര്ശനമായി പാലിക്കപ്പെടുന്നുണ്ടെന്നു മുഴുവന് സേനാ മേധാവികളും പരിശോധിക്കണം.
എ.ആര്.പോലീസ്, കെ.എ.പി, ലോക്കല് പോലീസ്, എക്‌സൈസ് സ്റ്റാഫ്, ഹോം ഗാര്ഡുകള്, ഫോറസ്റ്റ്, എന്.സി.സി, എന്നിവരെ ഉള്പ്പെടുത്തി പരേഡ് നടക്കും. പരേഡിന്റെ ചുമതല എ.ആര്. ക്യാമ്പ് അസിസ്റ്റന്റ് കമാന്ഡര്ക്കാണ്. കോവിഡ് 19 സാഹചര്യത്തില് ഇത്തവണ പരേഡില് പങ്കെടുക്കുന്ന പ്ലാറ്റൂണുകളുടെ എണ്ണം മൂന്ന് മുതല് അഞ്ച് വരെ ആകാമെന്നും മാര്ച്ച് പാസ്റ്റ് നടത്തേണ്ടതില്ലെന്നും സര്ക്കാരില് നിന്നും നിര്ദേശം ലഭിച്ചിട്ടുണ്ട്.
ദേശീയ പതാക ഉയര്ത്തല്, പരേഡില് പങ്കെടുക്കുന്നവര്ക്കുള്ള ഗതാഗത സൗകര്യം, പൂര്ണ സജ്ജമായ മെഡിക്കല് സംഘം, പന്തല്, അലങ്കാരങ്ങള് ഉള്പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷാ ക്രമീകരണം എന്നിവയാണ് വിലയിരുത്തിയത്. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് എ.ഡി.എം. ആര്.പി. സുരേഷ്, കമാന്ഡിങ് ഓഫീസര്മാര്, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്, വിവിധ സേനാ മേധാവികള് പങ്കെടുത്തു.