*യുവജനക്ഷേമബോര്‍ഡ് സാംസ്കാരികയാത്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന തരത്തില്‍ ഫാസിസ്റ്റുകള്‍ തേര്‍വാഴ്ച നടത്തുന്ന കാലത്ത് ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുവജനങ്ങള്‍ നടത്തുന്ന ഏതു നീക്കവും ആവേശോജ്ജ്വലമാണെന്നും അംഗീകരിക്കപ്പെടേണ്ടതാണെന്നും സഹകരണ, ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സംഘടിപ്പിക്കുന്ന ആര്‍ട്ട് ഡി ടൂര്‍ സാംസ്കാരികയാത്ര ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സാംസ്കാരിക ഇടപെടലായിരിക്കും ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവരെ ഹിംസ്രമൃഗങ്ങള്‍ ഇരകളെയെന്നപോലെ പ്രതികാരബുദ്ധിയോടെ വേട്ടയാടുന്ന ഫാസിസത്തിന്റെ കാലമാണിത്. പ്രതികരിക്കേണ്ടവര് ഭീതിയോടെ മൗനം പാലിക്കുന്ന സാഹചര്യത്തില്‍ യവജനക്ഷേമ ബോര്‍ഡ് യൂത്ത് കോണ്‍കോഡ് സാംസ്കാരിക യാത്രയ്ക്ക് പ്രസക്തിയുണ്ടെന്നും യാത്ര നവോത്ഥാന സാംസ്കാരിക പ്രവര്‍ത്തനമായി മാറുമെന്നും ഡബിള്‍ഡെക്കര്‍ ബസ് എക്സിബിഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
കെ. മരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു, അംഗം സന്തോഷ് കാല, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.എം.അന്‍സാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ലൈജു റ്റി.എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.
നാളെ തിരുവന്തപുരം, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളിലും അഞ്ചിന് ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം എന്നിവിടങ്ങളിലും ആറിന് കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, കലവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലും ഏഴിന് ചേര്‍ത്തല, അരൂര്‍ പാലം, കൊച്ചിന് ഫിഷറീസ് സര്‍വകലാശാല, തൃപ്പൂണിത്തുറ, കാക്കനാട്, അത്താണി, അങ്കമാലി എന്നിവിടങ്ങളിലും യാത്ര എത്തും.
ഒമ്പതിന് തൃശൂര്‍, കേച്ചേരി, കുന്നംകുളം, ചങ്ങരംകുളം, എടപ്പാള്‍, തിരൂര്‍ എന്നിവിടങ്ങളിലും പത്തിന് തിരൂര്‍, കക്കാട്, ചേളാരി, തേഞ്ഞിപ്പാലം, രാമനാട്ടുകര, മാനാഞ്ചിറ എന്നിവിടങ്ങളിലും പതിനൊന്നിന് കോഴിക്കോട് ടൗണ്‍, ചേമഞ്ചരി, കൊയിലാണ്ടി, പയ്യോളി, വടകര എന്നിവിടങ്ങളിലും പന്ത്രണ്ടിന് വടകര, ചൊക്ലി, തലശ്ശേരി, മുഴപ്പിലങ്ങാട് കണ്ണൂര്‍, വളപട്ടണം എന്നിവിടങ്ങളിലും പതിമൂന്നിന് വളപട്ടണം, ധര്‍മ്മശാല, തളിപ്പറമ്പ്, പരിയാരം, പയ്യന്നൂര്‍, നീലേശ്വരം എന്നിവിടങ്ങളിലും പതിനാലിന് നീലേശ്വരം, കാഞ്ഞങ്ങാട എന്നിവിടങ്ങളിലും യാത്ര എത്തും. ഓരോ കേന്ദ്രങ്ങളിലും വിവിധങ്ങളായ സാംസ്കാരിക പരിപാടികളും കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ സാംസ്കാരിക പ്രദര്‍ശനവും നടക്കും. കാഞ്ഞങ്ങാട് നടക്കുന്ന പൊതു പരിപാടിയോടെ സാംസ്കാരിക യാത്ര സമാപിക്കും.
