തിരുവനന്തപുരം: സര്‍ക്കാരിന്റെ ധ്വനി പദ്ധിയിലൂടെ കേള്‍വി ശക്തി തിരിച്ച് കിട്ടിയ കുട്ടികള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേള്‍വിശക്തി തിരിച്ച് കിട്ടിയ 13 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും മന്ത്രിയെ സന്ദര്‍ശിച്ചത്.
ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട 58 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ധ്വനി പദ്ധതിയിലൂടെ പുതിയ ജീവിതം ലഭിച്ചത്. ബാക്കിയുള്ള അപേക്ഷകരെക്കൂടി ഉടന്‍ പരിഗണിക്കുന്നതാണ്. കുട്ടികളുടെ പഠനം തുടരുന്നതിനും ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫെബിന്‍ ഫാത്തിമ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മന്ത്രി കെ.കെ. ശൈലജ ടീച്ചറെ മുമ്പ് കാണാനെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവമറിയുന്നത്. 15 വര്‍ഷം മുമ്പ് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തിരുന്നതാണ് ഫെബിന്‍. എന്നാല്‍ എഞ്ചിനീയറിംഗിന് എന്‍ട്രന്‍സ് എഴുതുന്ന സമയത്താണ് ഫെബിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെവിയില്‍ ഘടിപ്പിച്ച മെഷീന്റെ പ്രോസസര്‍ നശിച്ചെന്നും പുതിയത് ഘടിപ്പിക്കാന്‍ 5 ലക്ഷം രൂപയാകുമെന്നും മനസിലായി. നിര്‍ധന കുടുംബത്തിലുള്ള തനിക്കിത് താങ്ങാന്‍ പറ്റില്ലെന്നും കേള്‍വി പോയാല്‍ തന്റെ പഠനം നിലയ്ക്കുമെന്നും ഫെബിന്‍ മന്ത്രിയെ ധരിപ്പിച്ചു. ഉടന്‍ തന്നെ മന്ത്രി അടിയന്തിരമായി ഇടപെടുകയും ഫാത്തിമയുടെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് പ്രോസസര്‍ വാങ്ങി നല്‍കുയും ചെയതു.
ഫെബിനെപ്പോലെ പല കുട്ടികളും ഈ ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ധ്വനി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ജന്മനാ കേള്‍വി ശക്തിയില്ലാത്ത കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വി ശക്തി ലഭ്യമാക്കുന്ന പദ്ധതി പ്രകാരം നിരവധി കുട്ടികള്‍ക്കാണ് സ്പിന്റ് മെഷീന്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേള്‍വി ശക്തി തിരിച്ച് കിട്ടിയത്. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ കോക്ലിയര്‍ കമ്പനി നിര്‍ത്തലായതോടെ ഈ മെഷീന്റെ പ്രോസസര്‍ ലഭ്യമല്ലാതായി. സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതി വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളവയായിരുന്നു ഇവയെല്ലാം. കുട്ടികളുടെ ചെവിയില്‍ ഘടിപ്പിച്ചിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പല മെഷീനും പ്രവര്‍ത്തന രഹിതമായതോടെ സ്വന്തം നിലയില്‍ 5 ലക്ഷം രൂപ മുടക്കി പ്രോസസര്‍ വാങ്ങേണ്ട അവസ്ഥയുമായി. ഇത് മാറ്റി വച്ചില്ലെങ്കില്‍ കേള്‍വിശക്തി എന്നെന്നേക്കുമായി അവസാനിക്കുന്ന അവസ്ഥയായിരുന്നു. അങ്ങനെ ശബ്ദമില്ലാത്ത ലോകത്തേയ്ക്ക് പോയ 58 കുട്ടികളേയാണ് ധ്വനി പദ്ധതയിലൂടെ തിരികെ കൊണ്ടുവന്നത്.
സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബിജു, രക്ഷാധികാരി സിമി ജെറി, തിരുവനന്തപുരം ജോ. സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.