കൊച്ചി: നെടുമ്പാശ്ശേരി സിയാലില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനിയായ ഒറിയോണ്‍ സെക്യൂരിറ്റി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 62 തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വേതനതുകയായ 16,27,298 രൂപ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി തുക തൊഴിലാളികള്‍ക്ക് വിതരണം ചെയ്തുവെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ എസ് മുഹമ്മദ് സിയാദ് അറിയിച്ചു.
മിനിമം വേതന ഇനത്തിലും ഓവര്‍ടൈം വേതന ഇനത്തിലും  ലഭിക്കേണ്ട തുക ലഭിച്ചില്ല എന്ന് കാണിച്ച്  എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) പരാതി ലഭിച്ചതിനെ തുടര്‍ന്ന് അങ്കമാലി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മുഖേന അന്വേഷണം നടത്തുകയും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണ് എന്ന് കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് അങ്കമാലി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിശദമായ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത തൊഴിലാളികള്‍ക്ക് ലഭ്യമാകേണ്ട 16,27,298/- രൂപ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ മുമ്പൊക കെട്ടി വച്ചു.   തുടര്‍ന്ന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി തുക പ്രസ്തുത തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. തൊഴില്‍ വകുപ്പിന്റെ നടപടി തൊഴിലാളികള്‍ക്ക് ആശ്വാസമായതായി ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഡി.സുരേഷ്‌കുമാര്‍ അറിയിച്ചു.