ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വെര്‍ച്വലായി നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ സുരക്ഷയ്ക്കായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കും. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള വിശ്വസനീയത വര്‍ദ്ധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലികൊടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ തിരുവനന്തപുരം ജില്ലയിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സി.ഇ.ഒ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ സി.ഇ.ഒ മാരായ വി. സുരേന്ദ്രന്‍ പിള്ള, കെ. അശോക് കുമാര്‍, ജോയിന്റ് സി.ഇ.ഒ രമേശ് ചന്ദ്രന്‍ നായര്‍, സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.