എറണാകുളം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു.റോഡ് നിർമ്മാണത്തിനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായും എം എൽ എ അറിയിച്ചു. ബൈപാസിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 27 ബുധനാഴ്ച 3 PM ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുകയും 12 പേരിൽ നിന്നായി 87.5 സെന്റ് സ്ഥലം ഏറ്റെടുക്കുകയും ഭൂമി ഏറ്റെടുത്തവർക്കായി 2.5 കോടി തുക കൈമാറുകയും ചെയ്തു.മിനി സിവിൽ സ്റ്റേഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ 31.5 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഹൈക്കോടതിയിൽ സ്റ്റേ നിലനിന്നിരുന്നു.

ഹൈക്കോടതിയിൽ നടത്തിയ ഇടപെടലിനെ തുടർന്ന് കേസ് തീർപ്പാക്കി സ്റ്റേ ഒഴിവാക്കി പ്രസ്തുത സ്ഥലം കൂടി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്. 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപയാണ് ബൈപാസ് നിർമ്മാണത്തിന് അനുവദിച്ചിരുന്നത്. തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച് കോഴിപ്പിള്ളിയിൽ അവാസാനിക്കുന്ന ബൈപ്പാസ് റോഡിന്റെ ദൂരം 3 കിലോമീറ്ററാണ്.

15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 7.5 മീറ്റർ വീതിയിൽ GSB, WMM എന്നിവ വിരിച്ച് ആധുനിക BMBC നിലവാരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്.അതോടൊപ്പം റോഡിന്റെ സംരക്ഷണത്തിനാവശ്യമായ സംരക്ഷണ ഭിത്തികളും,കാനകളും, കലുങ്കുകളും നിർമ്മിക്കും.കൂടാതെ സൈൻ ബോർഡുകൾ അടക്കമുള്ള എല്ലാ റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്.