തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരെ പങ്കാളികളാക്കുന്നതിനായുള്ള ഫസ്റ്റ് ടൈം വോട്ടേഴ്‌സ് ക്യാമ്പയിന് ജില്ലയിൽ തുടക്കം. ദേശീയ വോട്ടേഴ്‌സ് ദിനത്തിൽ കുട്ടനല്ലൂർ ഗവ. അച്യുതമേനോൻ കോളേജിൽ നടന്ന ക്യാമ്പയിന്റെ ഉദ്‌ഘാടനം ജില്ലാ കലക്ടർ എസ് ഷാനവാസ് നിർവ്വഹിച്ചു. ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. യുവതലമുറയ്ക്ക് ജനാധിപത്യ രാജ്യത്തിന്റെ പ്രത്യേകതകളും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും എന്തെന്ന് കലക്ടർ വിശദീകരിച്ചു. പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വീപ്
പ്രധാന പരിശീലകർ
ക്ലാസെടുത്തു. കൂടാതെ എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്നും ഇ വി എം, വി വി പാറ്റ് മെഷീനുകളെക്കുറിച്ചും വിദഗ്ദർ വിശദീകരിച്ചു. ജില്ലയിലെ 28 കോളേജുകളിലെയും 8 പോളിടെക്നിക്കുകളിലെയും വിദ്യാർത്ഥികൾ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
ജില്ലയിലെ നാഷണൽ സർവീസ് സ്കീമിൻ്റെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് നടത്തിയത്. അച്യുതമേനോൻ ഗവ കോളേജ് പ്രിൻസിപ്പൽ അംബിക പി വി അധ്യക്ഷത വഹിച്ചു. എസ് വി വി ഇ ഇ പി നോഡൽ ഓഫീസർ ബാലഗോപാൽ ആമുഖ അവതരണം നടത്തി. തിരഞ്ഞെടുപ്പ് പങ്കാളിത്തം എന്ന വിഷയത്തിൽ തഹസിൽദാർ കൃഷ്ണകുമാർ ക്ലാസെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ സോണി റ്റി എൽ, എൻ എസ് എസ് കോർഡിനേറ്റർ ഡോ ബിനു ടി വി, എന്നിവർ പങ്കെടുത്തു.