കാസർഗോഡ്: ജില്ലയില്‍ നടന്ന ഹരിത പെരുമാറ്റച്ചട്ട പരിശോധനയില്‍ 500 ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറി. 800 ഓഫീസുകളെയാണ് ഹരിത ഓഡിറ്റിങ്ങിന് വിധേയമാക്കിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും നടന്ന ഓഡിറ്റിങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍.പി മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ അഞ്ചംഗ സമിതിയാണ് പരിശോധന നടത്തിയത്. ജില്ലയില്‍ നിന്ന് ഇതില്‍ 75 സ്ഥാപനങ്ങളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ജനുവരി 26 ന് 11.30 മണിക്ക് കളക്ട്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനായിരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ.സജിത്ത് ബാബു സംബന്ധിക്കും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ അനീഷ് പി എം ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹരിതകര്‍മ്മ സേനകള്‍ക്കുള്ള ചെക്ക് ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ബി. മിഥുന്‍ ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന് നല്‍കും.