തൃശ്ശൂർ: ജനുവരി 24 ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഓർമ്മപ്പെടുത്തുന്നതിനാണ് ദേശീയ ബാലികാ ദിനം ആചരിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമം, ആൺ-പെൺ അനുപാതത്തിലെ കുറവ് പരിഹാര നിർദ്ദേശങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് അഡ്വ കെ വി ഹരിദാസ് ക്ലാസെടുത്തു. ജില്ലയിലെ എട്ട് കോളേജുകളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 100 പേർ ഓൺലൈൻ വെബിനാറിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ് സുലക്ഷണ, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ കെ കെ ചിത്രലേഖ, വുമൺ വെൽഫെയർ ഓഫീസർ സൗമ്യ കാച്ചപ്പിള്ളി എന്നിവർ പങ്കെടുത്തു.