കാസർഗോഡ്: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സമ്മതിദായക ദിനാചരണം കാസര്‍കോട് ഗവ. കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ രാഷ്ട്രീയത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍നിന്നും മാറി നില്‍ക്കരുതെന്ന് കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കിട്ടിയാല്‍ പാഴാക്കരുത്. രാഷ്ട്രീയത്തില്‍ യുവതലമുറയുടെ കാഴ്ചപ്പാട് പ്രതിഫലിക്കാന്‍ പുതുതലമുറയുടെ പ്രതിനിധികള്‍ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും സമ്മതിദായക അവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്.

ചടങ്ങില്‍ എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.എല്‍ അനന്തപത്മനാഭ, കളക്ടറേറ്റ് ഹൂസൂര്‍ ശിരസ്തദാര്‍ എ. ആഞ്ചലോ എന്നിവര്‍ സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് യു. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍, യുവ വോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. യദുനാഥ് പള്ളത്ത് മെന്‍ഡലിസം ഗെയിം അവതരിപ്പിച്ചു.