കാസർഗോഡ്: പടന്നക്കാട് കാര്‍ഷിക കോളേജിലെ വനിത ഹോസ്റ്റല്‍ അനുബന്ധ കെട്ടിടോദ്ഘാടനം കൃഷി, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2018-19 പ്ലാന്‍ഫണ്ടില്‍ നിന്നും 1.58 കോടി രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. സര്‍വ്വകലാശാല ഫിസിക്കല്‍ പ്ലാന്റ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഒന്നര വര്‍ഷം കൊണ്ടാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 6750 ചതുരശ്ര അടിയില്‍ രണ്ട് നിലകളില്‍ 22 മുറികളിലായി 60 വിദ്യാര്‍ഥിനികള്‍ക്കുള്ള താമസസൗകര്യമാണ് പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. മികച്ച അക്കാദിക് പശ്ചാത്തലമുള്ള കോളേജില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വനിതാഹോസ്റ്റല്‍ സൗകര്യം വിപുലമാക്കാന്‍ അനുബന്ധ കെട്ടിടം നിര്‍മ്മിച്ചത്.
ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജന് ഓണ്‍ലൈനായി മുഖ്യാതിഥിയായി. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എം രാജഗോപാലന്‍ എം എല്‍ എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വി വി ശോഭ, നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ പ്രീത എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ആര് ചന്ദ്രബാബു സ്വാഗതവും ഡീന്‍ ഡോ പി ആര് സുരേഷ് നന്ദിയും പറഞ്ഞു