ആലപ്പുഴ: മത്സ്യഫെഡ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ  ശിലാസ്ഥാപനം  ജനുവരി 27ന്   രാവിലെ 11ന്  വളഞ്ഞ വഴി   ഫിഷറീസ് കോംപ്ലക്‌സില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി. ജി.സുധാകരന്‍  നിര്‍വഹിക്കും. ഫിഷറീസ് ഹാര്‍ബര്‍ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ. എ.എം.ആരിഫ് വിശിഷ്ടാതിഥി ആയിരിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരജ്ഞന്‍ സംസാരിക്കും.  മാനേജിങ് ഡയറക്ടര്‍ ഡോ.ലോറന്‍സ് ഹാരോള്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്,  ജില്ല പഞ്ചായത്ത് അംഗം അഞ്ജു പി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പ്രദീപ്.പി. സജിത്, ഗ്രാമപഞ്ചായത്തംഗം സുമിത, മത്സ്യ ഫെഡ് ഭരണസമിതയംഗങ്ങള്‍, ഉദ്യോഗസ്ഥാര്‍, ജനപ്രതിനിധികള്‍,  പൗരപ്രമുഖര്‍,  രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
മത്സ്യഫെഡ് ആലപ്പുഴ ജില്ലാ ഓഫീസ്, അമ്പലപ്പുഴ വ്യാസാ സ്റ്റോര്‍, ക്ലസ്റ്റര്‍ ഓഫീസ്, ഒ.ബി.എം വര്‍ക്ക്‌ഷോപ്പ് എന്നീ യൂണിറ്റുകള്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ ഓഫീസുകള്‍ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യഫെഡിന് കൈമാറിയിരിക്കുന്ന അമ്പലപ്പുഴ താലൂക്കിലെ വളഞ്ഞ വഴിയിലുളള 50 സെന്റ് സ്ഥലത്ത് ഈ യൂണിറ്റുകളെല്ലാം ഒരു സമുച്ചയമായി നിര്‍മ്മി ക്കുന്നത്. എന്‍സിഡിസി സഹായത്തോടു കൂടിയുളള ഐ.എഫ്.ഡി.പി പദ്ധതിയില്‍ നിന്നും 51,00,000/ രൂപയാണ് മത്സ്യഫെഡ് ജില്ലാ ഓഫീസിനായി വിനിയോഗിക്കുന്നത്. ഇതില്‍ 55% വായ്പയും 22.5% സബ്‌സിഡിയും 12.50% സര്‍ക്കാര്‍ ഓഹരി മൂലധനവും 10% തുക ഗുണഭോക്തൃ വിഹിതവുമാണ്. വ്യാസാ സ്റ്റോറിനായി ചിലവഴിക്കുന്നത് 47,13,000/- രൂപയാണ്.  ഇത് രണ്ടും കൂടി ചേര്‍ത്ത് 98,13,000/- രൂപ അടങ്കല്‍ തുകയുളള 6250 ചതുരശ്ര അടി കെട്ടിടമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
വിഷരഹിതമായ മത്സ്യം എത്തിക്കുന്നതിന് വേണ്ടി സംഭരണ ശാലകള്‍ കൂടുതലായി വേണ്ടി വരുന്നതിന്റെ ഭാഗമായിട്ടാണ് മത്സ്യസംഭരണശാലയും ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിലേയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി 1723 ചതുരശ്ര അടിയില്‍ 35,42,618/- രൂപ അടങ്കല്‍ തുകയില്‍ നിര്‍മ്മിക്കുന്ന മത്സ്യസംഭരണശാലയുടെ നിര്‍മ്മാണവും ഇതിനോടൊപ്പം നടത്തുന്നു.