ഇടുക്കി: ജില്ലാ ടിബി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ഹ്രസ്വ ചിത്രം ‘ ഫൈറ്റ് ലൈക് റസിയ’ പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയക്ക് ചിത്രത്തിന്റെ പോസ്റ്റര്‍ കൈമാറി. ജില്ലാ ടിബി ഓഫീസര്‍ ഡോ. സെന്‍സി ബിയുടെ ആശയത്തില്‍ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ നിന്നും പിറന്നതാണ് ഈ ചിത്രം. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അഭിനന്ദനം ലഭിച്ച ഈ ചിത്രം ടീച്ചറുടെ ആമുഖത്തോടു കൂടിയാണ് ആരംഭിക്കുന്നത്. റിമ കല്ലിങ്കല്‍ ആണ് പശ്ചാത്തല വിവരണം നല്‍കുന്നത്. ഒപ്പം താരം അതിഥിയായി ചിത്രത്തില്‍ എത്തുന്നുമുണ്ട്.

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച ആരോഗ്യ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേരളം പദ്ധതിയെ പരാമര്‍ശിക്കുന്നത്തിലൂടെ കോവിഡിനൊപ്പം നേരിടേണ്ടി വരുന്ന സമാനമായ ലക്ഷണങ്ങള്‍ ഉള്ള ക്ഷയരോഗത്തെ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്നതിനൊപ്പം പൊതുജനങ്ങള്‍ അറിയേണ്ട സുപ്രധാനമായ കുറച്ചു വിവരങ്ങള്‍ ജില്ല ടിബി ഓഫീസര്‍ ചിത്രത്തിലൂടെ പങ്കു വയ്ക്കുന്നുണ്ട്. ഇടുക്കി ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്ത ചിത്രം എന്‍എച്എം ന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും റിമ കല്ലിങ്കലിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്നതാണ്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു രോഗലക്ഷണം ഉള്ള എല്ലാവര്ക്കും തൊടുപുഴ ടിബി യൂണിറ്റിന്റെ കീഴില്‍ രോഗനിര്‍ണയം പ്രാഥമിക കേന്ദങ്ങളില്‍ കഫ സാമ്പിള്‍ നല്‍കുന്നതിലൂടെ സിബിനാറ്റ് മെഷീനില്‍ തന്നെ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള എല്‍ടിബിഐ ചികിത്സയും ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്.
പ്രകാശന ചടങ്ങില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ. സെന്‍സി ബി, എന്‍എച്ച്എം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിജില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.