മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്് പദ്ധതിയില്‍ ജില്ലയില്‍ 4228 കുടുംബങ്ങള്‍ക്ക് 100 ദിവസത്തിലധികം തൊഴില്‍ ലഭിച്ചു. ജില്ലയിലൊട്ടാകെ ലഭിച്ചത് 51.52 ലക്ഷം തൊഴില്‍ ദിനങ്ങള്‍.പ്രകൃതി വിഭവങ്ങളുടെ പരിപാലനം,വ്യക്തിഗത ആസ്തി രൂപവത്കരണം,കാര്‍ഷിക സംബന്ധമായ പ്രവൃത്തികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കിയതെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.അനീല്‍ ബാബു അറിയിച്ചു.
ജലസംരക്ഷണം
വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ 574 കുളങ്ങള്‍ പുതുതായി നിര്‍മിച്ചു. കൂടാതെ 1663 പൊതുകുളങ്ങള്‍ പുനരുദ്ധരിച്ചു. വിവിധ പഞ്ചായത്തുകളിലായി പുതുതായി 4223 കിണറുകള്‍ നിര്‍മിച്ചു. കിണര്‍ കുഴിച്ചു നല്‍കിയതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായ കുടുംബങ്ങള്‍ക്ക് മുതല്‍ മുടക്കില്ലാതെ വെള്ളം ലഭിച്ചു.1221 തടയണകള്‍ നിര്‍മിച്ചു.1259 ഇടങ്ങളില്‍ കിണര്‍ റീചാര്‍ജിങ് നടപ്പാക്കി.1273 ജലസേചന കനാലുകള്‍ വൃത്തിയാക്കി.ഒഴുക്കു പോലും നിലച്ചു തുടങ്ങിയ 1040ഓളം തോടുകളാണ് വീണ്ടെടുത്തത്. മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്ക് താഴ്ന്നിറങ്ങാന്‍ കൃഷിസ്ഥലങ്ങളില്‍ 1142 മഴക്കുഴികള്‍ നിര്‍മിച്ചു.
മരംനടീല്‍
വിവിധ പഞ്ചായത്തുകളിലായി 562 ഫലവൃക്ഷത്തെകള്‍ വച്ചു പിടിപ്പിച്ചു.കണ്ണാടി പഞ്ചായത്ത് വഴിവക്കില്‍ നട്ടു പിടിപ്പിച്ചിരിക്കുന്ന കശുമാവുകളും പനയും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പരിപാലിക്കുന്നത്.ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതിദിനത്തില്‍ വിവിധ വകുപ്പുകള്‍ക്ക് വിതരണം ചെയ്യാന്‍ ഫലവൃക്ഷത്തൈകള്‍ തയ്യാറാക്കുന്നതും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്.ഇതിനായി 47 നഴ്‌സറികള്‍ തയ്യാറാക്കി.
മണ്ണ് സംരക്ഷണം
മണ്ണൊലിപ്പ് തടയാനായി നാനൂറിലധികം കൃഷിസ്ഥലങ്ങളില്‍ കല്ല് കയ്യാലകള്‍ വച്ചുപിടിപ്പിച്ചു.അട്ടപ്പാടി മേഖലയില്‍ കുത്തനെയുള്ള കൃഷിസ്ഥലങ്ങള്‍ തട്ടുതട്ടായി തിരിച്ചാണ് മണ്ണു സംരക്ഷണം നടപ്പാക്കിയത്.298 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മണ്ണും കല്ലും കൊണ്ടുള്ള കയ്യാലകള്‍ നിര്‍മിച്ചത്് 550 ലധികം കൃഷിക്കാര്‍ക്ക് പ്രയോജനകരമായി.രണ്ടായിരത്തോളം തരിശുനിലങ്ങള്‍ വൃത്തിയാക്കി കൃഷിക്ക് അനുയോജ്യമാക്കി.കൂടാതെ കോണ്ടൂര്‍ ബണ്ടുകള്‍,മണ്ണിര കംപോസ്റ്റ്—, കക്കൂസ്, കിണര്‍ ആള്‍മറ എന്നിവയുടെ നിര്‍മാണത്തിലൂടെ ആയിരകണക്കിന് ആളുകള്‍ക്കാണ് പ്രയോജനം ലഭിച്ചത്.