സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 26ന് രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട 100 പേർക്കായിരിക്കും പ്രവേശനം. ജില്ലാതല പരിപാടികളിൽ മന്ത്രിമാർ പതാക ഉയർത്തും. പരമാവധി 100 പേർക്കായിരിക്കും പ്രവേശനം. സബ് ജില്ലാ തലത്തിൽ സബ് ജില്ലാ മജിസ്‌ട്രേറ്റുമാരും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയർത്തുക. പരമാവധി 75 പേർക്കാണ് ചടങ്ങിൽ പ്രവേശനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷൻമാരാണ് പതാക ഉയർത്തുക. പരമാവധി 50 പേർക്കാണ് പ്രവേശനം. സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നടക്കുന്ന പരിപാടികളിൽ പരമാവധി 50 പേർക്കാണ് പ്രവേശനം. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസേഷൻ തുടങ്ങിയ എല്ലാ ആരോഗ്യ പ്രോട്ടോകോളുകളും ചടങ്ങുകളിൽ പാലിക്കണം. പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ചടങ്ങുകളിൽ പ്രവേശനമുണ്ടായിരിക്കില്ല.
റിപ്പബ്‌ളിക് ദിന പരേഡിന്റെ തത്‌സമയ സംപ്രേഷണം പി.ആർ.ഡി ലൈവ് ഫേസ്ബുക്കിൽ പേജിൽ ലഭ്യമാകും.