ജില്ലയിൽ 2 സ്റ്റോറുകൾ
കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്താൻ കുടുംബശ്രീ സ്റ്റോറുകളിലൂടെ സാധിക്കും -മന്ത്രി എസി. മൊയ്‌തീൻ
ആലപ്പുഴ: പരമ്പരാഗത ഉത്പന്നങ്ങൾക്കും, കുടുംബശ്രീ ഉത്പന്നങ്ങൾക്കും സ്ഥിരമായ വിപണി കണ്ടെത്താൻ കുടുംബശ്രീ സ്റ്റോറുകളിലൂടെ സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്‌തീൻ പറഞ്ഞു കുടുംബശ്രീ കയർ & ക്രാഫ്റ്റ് സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി, മാരാരിക്കുളം കിഴക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സ്റ്റോറുകൾക്ക് തുടക്കം കുറിച്ചത് .
കുടുംബശ്രീ ഉത്പന്നങ്ങൾക്കും, കയർ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങൾക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയൊരുക്കുമെന്നത് മുഖ്യമന്ത്രി 100 ദിന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കയർ വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് കയർ ആൻഡ് ക്രാഫ്റ്റ് ഷോപ്പുകൾ തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ആയി 500 സംഭരണ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്പ്പന്നങ്ങൾക്ക് സ്ഥിരമായി വിപണി ഉണ്ടാകുന്നതിന് ഒപ്പം തന്നെ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, സ്ത്രീകൾക്ക് ജീവനോപാധി കണ്ടെത്താനും ഇതുവഴി സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
പ്രളയ കാലത്തും, കോവിഡിന്റെ കാലത്തും കുടുംബശ്രീ ചെയ്ത പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മുനിസിപ്പൽ സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ധനകാര്യ കയർ വകുപ്പ് മന്ത്രി റ്റി. എം.തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു.
ഉത്പന്നങ്ങൾക്ക് വിപണി സൃഷ്ടിക്കുക എന്നതിനൊപ്പം തന്നെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോ ഫിനാൻസ് എന്ന രീതിയിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്, എന്നാൽ പണം കടം കൊടുക്കുന്നതിനൊപ്പം തന്നെ പണം തിരിച്ചടക്കാനുള്ള വരുമാനം ഉണ്ടാകാനുള്ള പ്രവർത്തനങ്ങൾക്കായി കൂടുതൽ തൊഴിലുകൾ സൃഷ്ട്ടിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറണമെന്നും അദ്ദേഹം പറഞ്ഞു.നൈപുണ്യ പരിശീലനം കൃഷി, സേവനം, ക്ഷേമം തുടങ്ങിയ എല്ലാ മേഖലകളിലും കുടുംബശ്രീയുടെ സംഭാവന വളരെ വലുതാണ്. ഈ കഴിഞ്ഞ ബജറ്റിൽ കുടുംബശ്രീയുടെ പ്രവർത്തങ്ങൾക്കായി 1749 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ കുടുബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിജിലൻറ് ഗ്രൂപ്പിന്റെ സ്ത്രീ സുരക്ഷ ക്യാമ്പയിനിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ആദ്യ വിൽപ്പന നഗരസഭ അധ്യക്ഷ സൗമ്യ രാജിന് നൽകികൊണ്ട് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ നിർവഹിച്ചു.കുടുംബശ്രീ ഉത്പന്നങ്ങൾക്കൊപ്പം തന്നെ കയർ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ ന്യായമായ വിലയിൽ ഈ ഷോപ്പുകളിൽ ലഭ്യമാകും. കുടുബശ്രീ ഹോം ഷോപ്പ് സംവിധാനത്തിന്റെ സംഭരണ, വിതരണ കേന്ദ്രങ്ങളായി ഈ സ്റ്റോറുകൾ പ്രവർത്തിക്കും.
മൂന്ന് അംഗങ്ങളടങ്ങിയ ഒരു യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്റ്റോറുകൾ ആരംഭിക്കുന്നത് ഒരു യൂണിറ്റിന് അഞ്ചുലക്ഷം രൂപ വായ്പ്പ നൽകുന്നു. 5 വർഷം കൊണ്ട് കൃത്യമായി തുക തിരച്ചടയ്ക്കുന്നവർക്ക് ഒന്നരലക്ഷം രൂപ സബ്സിഡിയായി നൽകും.
ചടങ്ങിൽ കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ പ്രശാന്ത് ബാബു, ജനപ്രതിനിധികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ, സി. ഡി. എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ സന്നിഹിതരായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ ഓൺലൈനായി പങ്കെടുത്തു.