ആലപ്പുഴ:എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ഇന്ന് (ജനുവരി 26 ന് )നടക്കും. രാവിലെ 8.40 ന് ആരംഭിക്കും. രാവിലെ 9 ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ദേശീയപതാക ഉയർത്തും. രാവിലെ വേദിയിലെത്തുന്ന മന്ത്രിയെ ജില്ലാ കളക്ടർ എ അലക്സാണ്ടറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും ചേർന്ന് സ്വീകരിക്കും. ദേശീയ പതാകയുയർത്തിയശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും.
കൊവിഡ്19 ന്റെ സാഹചര്യത്തിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത് . നാല് പ്ലാറ്റൂണുകളാണ് ചടങ്ങിൽ പങ്കെടുക്കുക. കോവിഡിന്റെ സാഹചര്യത്തിൽ ചടങ്ങുകളിൽ 100 പേരിൽ താഴെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല. സ്റ്റുഡന്റ് പോലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി ജൂനിയർ വിങ് എന്നിവരെ ഇത്തവണ ചടങ്ങിൽ പങ്കെടുപ്പിക്കുകയില്ല. . പോലീസ് ബാൻഡ് ആണ് ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്നത്. ലോക്കൽ പോലീസ്, ജില്ലാ സായുധ സേനാംഗങ്ങൾ, എക്സൈസ് തുടങ്ങിയ വിഭാഗങ്ങൾ മാത്രമാണ് പരേഡിൽ സംബന്ധിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ തെർമൽ സ്കാനിങ് വിധേയരാക്കുകയും മാസ്ക് , സാനിറ്റൈസർ തുടങ്ങിയവ ഉറപ്പാക്കുകയും ചെയ്യും.