കൊല്ലം :   തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ സമ്മതിദായക ദിനാഘോഷങ്ങളുടെ ഭാഗമായി ടി കെ എം എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
നാടിന്റെ സമഗ്രവികസനത്തിനും  മുന്നോട്ടുള്ള പ്രയാണത്തിനുമുള്ള ഓരോരുത്തരുടെയും കൈയ്യൊപ്പാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ  പങ്കാളിത്തം. നാടിനെ ആധുനിക കാഴ്ചപ്പാടിലേക്ക് നയിക്കുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം വലുതാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് പ്രായ ലിംഗ ഭേദമില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും സ്വമേധയാ പങ്കെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ നിന്നും നല്ല പ്രതികരണമാണ് ഉണ്ടാകുന്നത്. നാല്‍പ്പത്തി മൂവായിരത്തോളം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.
ജില്ലയിലെ ഏറ്റവും പ്രായാധിക്യം കൂടിയ വോട്ടറായ പിറവന്തൂര്‍ വില്ലേജിലെ 113 വയസുള്ള വെളുമ്പിയെ കലക്ടര്‍ ഓണ്‍ലൈനിലൂടെ ആദരിച്ചു. പത്തനാപുരം തഹസീല്‍ദാല്‍ ജാസ്മിന്‍ ജോര്‍ജ്ജ് വോട്ടറെ പൊന്നാട അണിയിച്ചു. ‘സുസ്ഥിര ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത’ എന്ന വിഷയത്തില്‍ കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രൊഫ വി മധുസൂദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തില്‍ ഹ്രസ്വചിത്രം തയ്യാറാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ രേഖയുടെ വിതരണവും കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ സ്വീപ്പ് നോഡല്‍ ഓഫീസര്‍ എ റഹീം സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ടി കെ എം എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ ഷാഹുല്‍ ഹമീദ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, തഹസീല്‍ദാര്‍ എസ് ശശിധരന്‍പിള്ള, ഇന്‍സ്‌പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് തുളസീധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി കൊല്ലം ടി കെ എം കോളേജിലെ വിദ്യാര്‍ഥികള്‍ പ്രൊഫ അശ്വന്‍രാജിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം അതരിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘വോട്ടര്‍ പട്ടിക പുതുക്കല്‍ 2021’ പരിപാടിയുടെ ഭാഗമായി കൊല്ലം ടി കെ എം ഇന്‍സ്റ്റിറ്റ്യൂട്ടിട്ട് ഓഫ് ടെക്‌നോളജിയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം 544 & 700 യൂണിറ്റിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഡോക്കുമെന്ററി ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോക്കുമെന്ററി പ്രസന്‍സ്റ്റേഷന്‍ തയ്യാറാക്കിയ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കലക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു.

കൊല്ലം താലൂക്ക് പരിധിയിലെ കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കൊല്ലം എസ് എന്‍ കോളജില്‍ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എല്‍ എസ് സന്തോഷ്‌കുമാറും ഫാത്തിമാ മാതാ നാഷണല്‍ കോളജില്‍ സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ എസ് അജിലാലും ക്ലാസെടുത്തു.

എസ് എന്‍ കോളജില്‍ നടന്ന ചടങ്ങില്‍ സാമ്പത്തിക ശാസ്ത്രം ഹെഡ് എസ് ജയശ്രീ, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ഹെഡ് ആര്‍ച്ച അരുണ്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എസ് ആര്‍ ശരത്, സാബുലാല്‍ തുടങ്ങിയവരും ഫാത്തിമ മാതാ കോളജില്‍ നടന്ന ചടങ്ങില്‍ സാമ്പത്തിക ശാസ്ത്രം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് സ്റ്റെല്ല, നീതു എം മാത്യൂസ്, കൊല്ലം താലൂക്ക് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാം ബിനോയ് എം എസ് ഹരികൃഷ്ണന്‍, അന്‍സര്‍ തുടങ്ങിയവരും പങ്കെടുത്തു.

എല്ലാ പോളിംഗ് സ്റ്റേഷന്‍ പരിധിയിലെയും ബി എല്‍ ഒ മാര്‍ പുതിയ വോട്ടര്‍മാരെ ആദരിക്കുകയും സമ്മതിദായക പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.