കൊല്ലം; സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവന്ന് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന് കഴിഞ്ഞുവെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്‍. വായ്പാ വിതരണവും പരാതി പരിഹാര അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ആദ്യമായി മൈക്രോ ഫിനാന്‍സ് ക്രെഡിറ്റ് സംവിധാനം നടപ്പിലാക്കിയ സ്ഥാപനമാണ് പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍. ഇതിന് ദേശീയതലത്തില്‍ ഏറ്റവും വലിയ അംഗീകാരമാണ് ലഭിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി നൂതന സംരംഭങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയുടെ ഭാഗമായി 5000 പേര്‍ക്ക് തൊഴില്‍ അവസരം ഉറപ്പാക്കി. രണ്ടായിരം പേര്‍ക്ക് കൂടി ഉടന്‍ തൊഴില്‍ ലഭ്യമാക്കും.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വഴി സാമ്പത്തിക നേട്ടവും സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്. തിരികെ എത്തിയ പ്രവാസികളായ ചെറുപ്പക്കാര്‍ക്ക് നിരവധി തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ക്കായി സ്വയംതൊഴില്‍, കുടുംബശ്രീ, വിദേശ തൊഴില്‍, കൃഷിഭൂമി, വിദ്യാഭ്യാസം, പ്രവാസി പുനരധിവാസം എന്നിങ്ങനെ നിരവധി വായ്പാ പദ്ധതികളാണ് കോര്‍പ്പറേഷന്‍ വഴി നടപ്പാക്കുന്നത്. കൂടാതെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ആദിവാസി മഹിള സശാക്തീകരന്‍ യോജന, ട്രൈബല്‍ എന്റര്‍പ്രൈസസ് തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നു. പട്ടികജാതി വിഭാഗത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നിരവധി വ്യക്തിഗത വായ്പകള്‍ വേറെയും ഉണ്ട്. വീട് പുനരുദ്ധാരണം, കാര്‍ ലോണ്‍ എന്നിങ്ങനെ നിരവധി വായ്പാ പദ്ധതികള്‍ ഇതില്‍പ്പെടും.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ വി അനില്‍കുമാര്‍, ജില്ലാ പട്ടികജാതി അസിസ്റ്റന്റ് വികസന ഓഫീസര്‍ കെ സുനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സന്തോഷ് പുനലൂര്‍ പട്ടികവര്‍ഗ അസിസ്റ്റന്റ് വികസന ഓഫീസര്‍ ജി രാധാകൃഷ്ണന്‍, കെ സോമപ്രസാദ് എം പിയുടെ പ്രതിനിധി ബാബു, ശ്രീരാജ്, എ ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.