തൃശ്ശൂർ:    നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുമുള്ള ബോധവത്ക്കരണ ക്യാംപെയ്നായ സ്വീപ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ആദിവാസി ഊരുകളില്‍ തുടക്കമായി. വാഴച്ചാല്‍ വനമേഖലയിലാണ് സ്വീപ് ബോധവത്ക്കരണത്തിന് തുടക്കമായത്.

ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ വാഴച്ചാല്‍ ചെക്ക് പോസ്റ്റ് ഊരിലെ 69 വീടുകളിലെ 74 കുടുംബങ്ങള്‍ക്കാണ് വോട്ടു ചെയ്യുന്നതിനെ കുറിച്ചും വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനെ പറ്റിയും ബോധവത്ക്കരണം നടത്തിയത്. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സ്വീപിന്റെ ജില്ലയിലെ ആദ്യത്തെ ബോധവത്ക്കരണ പരിപാടി കൂടിയാണിത്. ഊരിലെ ആളുകള്‍ സ്വീപ് പ്രവര്‍ത്തനങ്ങളില്‍ ഒത്തൊരുമിച്ചപ്പോള്‍ ഊരില്‍ ആവേശം നിറഞ്ഞു. മേളവും പരമ്പരാഗത നൃത്തവും ഉണ്ടായി.

319 പേര്‍ മാത്രം താമസിക്കുന്ന വാഴച്ചാല്‍ ആദിവാസി ഊരില്‍ ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് സ്വീപ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പരമ്പരാഗത നൃത്തച്ചുവടുകളുമായി സ്ത്രീകള്‍ കലക്ടറെയും സംഘത്തേയും വരവേറ്റു. തുടര്‍ന്ന് വോട്ടവകാശം വിനിയോഗിക്കണമെന്ന വിവിധ പ്ലക്കാര്‍ഡുകളേന്തി ഊരിലെ അന്തേവാസികള്‍ ഊരുമൂപ്പത്തി വി കെ ഗീതയുടെ നേതൃത്വത്തില്‍ ജാഥയായി ഊരുചുറ്റി. കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഇ ആര്‍ സന്തോഷ്‌കുമാര്‍, വനംവകുപ്പ് വാഴച്ചാല്‍ ഡിവിഷന്‍ ഓഫീസര്‍ എസ് വി വിനോദ് എന്നിവരും ജാഥയില്‍ അണിനിരന്നു. തുടര്‍ന്ന് ബോധവത്ക്കരണ സമ്മേളനവും ഉണ്ടായി.

വോട്ടവകാശം ശരിയായ രീതിയില്‍ ഉപയോഗിച്ച് അതിന്റെ വില സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ആരും ഈ അവകാശത്തെ നിരാകരിക്കരുതെന്നും ജില്ലാ കലക്ടര്‍ ഊരിലെ അന്തേവാസികളോട് അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ആദിവാസി മേഖലയിലെ 2000 ത്തോളം കുടുംബങ്ങളെ സ്വീപ് പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുമെന്നും ഇവര്‍ക്ക് വോട്ടവകാശം നല്ലരീതിയില്‍ വിനിയോഗിക്കാന്‍ വഴിയൊരുക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഊരിലെ കൊച്ചഗോവിന്ദന്റെ വീട്ടില്‍ നിന്നാണ് കലക്ടര്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

സ്വീപ് നോഡല്‍ ഓഫീസര്‍ ബാലഗോപാല്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ എന്‍ രാജു, ബി ഡി ഒ രാധാമണി, അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ ശ്രീജേഷ് തുടങ്ങിയവരും പങ്കെടുത്തു.