എറണാകുളം:  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ഫിഷറീസ് വകുപ്പ്  നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ  രാജന്‍ മേനോത്തിയുടെ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.2020-21 വാര്‍ഷിക വര്‍ഷത്തിലെ സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബയോ ഫ്‌ളോക്ക് മത്സ്യകൃഷി ചെയ്തിരിക്കുന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ്  സുഭിക്ഷ കേരളം. ബയോഫ്േളാക് മത്സ്യ കൃഷി, വീട്ടുമുറ്റത്തെ കുളങ്ങളിലെ മത്സ്യകൃഷി, കുളങ്ങളിലെ  കരിമീന്‍ കൃഷി എന്നീ ഉപപദ്ധതികളും നടപ്പിലാക്കുന്നു ജില്ലയിലാകെ 171 ബയോഫളോക്ക് യൂണിറ്റുകള്‍ക്കും 412 വീട്ടുമുറ്റത്തെ കുളങ്ങളിലെ മത്സ്യ കൃഷി യൂണിറ്റുകള്‍ക്കും 39 കരിമീന്‍ കൃഷി യൂണിറ്റുകള്‍ക്കുമാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. മത്സ്യ കര്‍ഷകര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിതവും പോഷകസമൃദ്ധവും രുചികരവുമായ മത്സ്യം ലഭ്യമാക്കുകയും ചെയ്യുക എന്നതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു അധ്യക്ഷയായി.  മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്ത് മുഖ്യാതിഥിയായി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ നൂറുദ്ദീന്‍, ഗ്രാമ പഞ്ചായത്ത് അംഗം ലീന മുഹമ്മദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീജേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.