സംസ്ഥാനത്തെ പതിനായിരത്തിലധികം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി. പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളാക്കാൻ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകൾ ഹരിത ഓഫീസ് പദവിക്ക് അർഹമായി. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശുചിത്വ മാലിന്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം നാടിന്റെ നല്ല നാളേയ്ക്ക് വേണ്ടിയാണ് തങ്ങളുടെ അധ്വാന ശേഷി വിനിയോഗിച്ചത്. സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആ പദ്ധതികളുടെ നിർവഹണ ചുമതലയാണ് സർക്കാർ ഓഫീസുകളിൽ വഹിക്കുന്നത്. അതുകൊണ്ടു സർക്കാർ ഓഫീസുകൾ സൃഷ്ടിക്കുന്ന മാതൃകയ്ക്ക് ജനങ്ങൾക്കിടയിൽ നല്ല പ്രതികരണമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബാക്കിയുള്ള ഓഫീസുകളും വൈകാതെ തന്നെ ഗ്രീൻ പ്രോട്ടോക്കോളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് ഇതിനു നേതൃത്വം നൽകേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മാലിന്യ നിർമാർജ്ജനരീതി പാലിക്കാൻ സർക്കാർ ഓഫീസുകൾക്ക് സാധിക്കുക എന്നത് സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് നൽകുന്നത്. ഈ രംഗത്തെ ഓരോ ചുവടുവെയ്പ്പും അതീവ പ്രാധാന്യത്തോടെയാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാഴ്‌വസ്തുക്കൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫലത്തുക ഹരിതകർമസേനയ്ക്ക് നൽകുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും നഗരസഭകളെയും സമ്പൂർണ ശുചിത്വത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
14473 ഓഫീസുകളാണ് ഗ്രേഡിങ്ങിനു വിധേയമാക്കിയത്. അതിൽ 11,163 സ്ഥാപനങ്ങൾ ഹരിത ഓഫീസ് സർട്ടിഫിക്കറ് നേടി. 3410 ഓഫീസുകൾക്ക് എ ഗ്രേഡും 3925 ഓഫീസുകൾ ബി ഗ്രേഡും 3828 ഓഫീസുകൾ സി ഗ്രേഡും ലഭിച്ചു. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ, നഗരകാര്യവകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് ഗ്രാമവികസന കമ്മീഷണർ വി.ആർ. വിനോദ്, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി. കേശവൻ നായർ, ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ മിർ മൊഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.